ലോകകപ്പ് നേടിയ ജർമ്മൻ ടീം അംഗം സാമി ഖെദീര വിരമിക്കുന്നു. സീസൺ അവസാനത്തോടെ ബൂട്ടഴിക്കുമെന്ന് ഖെദീര അറിയിച്ചു. ജർമ്മൻ ക്ലബ് ഹെർത്ത ബെർലിൻ്റെ താരമാണ് ഖെദീര. ഈ വരുന്ന ശനിയാഴ്ച ഹോഫൻഹെയിമിനെതിരെയാണ് ഹെർത്ത ബെർലിൻ്റെ അവസാന മത്സരം. ഈ മത്സരത്തോടെ ഖെദീര കളിക്കളത്തിൽ നിന്ന് വിടപറയും.
തൻ്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് വിരമിക്കൽ വാർത്ത ഖെദീര അറിയിച്ചത്. ഇറ്റാലിയൻ ക്ലബ് യുവന്റസിൽ നിന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് ഖെദീര ഹെർത്തയിലെത്തുന്നത്. ഹെർത്ത ബെർലിനു വേണ്ടി 8 മത്സരങ്ങൾ മാത്രമേ ഖെദീര കളിച്ചിട്ടുള്ളൂ.
2014ൽ ലോകകപ്പ് നേടിയ ജർമ്മൻ ടീമിൽ അംഗമായിരുന്നു ഖെദീര. സെമിഫൈനലിൽ ബ്രസീലിനെതിരെ ഗോൾ നേടിയ താരത്തിന് പരുക്കിനെ തുടർന്ന് ഫൈനൽ കളിക്കാൻ കഴിഞ്ഞില്ല. ആകെ 77 മത്സരങ്ങളാണ് ഖെദീര ജർമനിക്കായി കളിച്ചിട്ടുള്ളത്. ജർമ്മൻ ക്ലബ് സ്റ്റുട്ട്ഗാർട്ട്, റയൽ മാഡ്രിഡ്, യുവൻ്റസ് എന്നീ ക്ലബുകളിലൊക്കെ അദ്ദേഹം കളിച്ചിട്ടുണ്ട്.



