ഇതരസംസ്ഥാന ഭാഗ്യക്കുറികള്‍ക്കെതിരായ ഹൈക്കോടതിയിലെ നിയമയുദ്ധത്തില്‍ സര്‍ക്കാര്‍ ജയിച്ചത് നിര്‍ണായക നേട്ടമാണെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. 2004ലെ യുഡിഎഫ് സര്‍ക്കാരിന്റെ തെറ്റായ നീക്കമാണ് ഈ നിയമയുദ്ധമെല്ലാം വരുത്തിവച്ചത്.
ലോട്ടറി മാഫിയാ സംഘത്തെ നിയന്ത്രിക്കാന്‍ കേരള ലോട്ടറി നിയന്ത്രണ നിയമത്തില്‍ ഉണ്ടായിരുന്ന വ്യവസ്ഥ അനാവശ്യമായി റദ്ദു ചെയ്തു. പിന്നീട് എല്‍ഡിഎഫ് സര്‍ക്കാര്‍ ആരംഭിച്ച ദീര്‍ഘമായ നിയമയുദ്ധത്തില്‍ അനുകൂലവും പ്രതികൂലവുമായും വിധികളുണ്ടായി. കേന്ദ്രസര്‍ക്കാരിന് മാത്രമെ, ഇതര സംസ്ഥാന ലോട്ടറി നിരോധിക്കാനോ നിയന്ത്രിക്കാനോ അധികാരമുള്ളുവെന്ന തരത്തില്‍ തീര്‍പ്പുകളുമുണ്ടായി. ഇതിനെതിരായ അപ്പീലുകളും, കേന്ദ്ര സര്‍ക്കാരിനെ നിയമലംഘനം ബോദ്ധ്യപ്പെടുത്താനുള്ള ശ്രമങ്ങളും സംസ്ഥാനം തുടര്‍ന്നു. തുടര്‍ന്ന് സിക്കിം, ഭൂട്ടാന്‍ ലോട്ടറികള്‍ക്കടക്കം വിലക്കായി. എങ്കിലും മാഫിയ പിന്മാറിയില്ല. ലോട്ടറി നറുക്കെടുപ്പിന്‍മേല്‍ നികുതി ഈടാക്കുന്ന സംസ്ഥാന നിയമത്തിന്റെ പേരില്‍ കേരളത്തിനെതിരെ നീക്കം തുടര്‍ന്നു. ജിഎസ്ടി വന്നതോടെ ആ നിയമവും ഇല്ലാതായി. ജിഎസ്ടി കൗണ്‍സിലില്‍ സംസ്ഥാനത്തിന്റെ വലിയ പോരാട്ടത്തിനൊടുവില്‍,
സംസ്ഥാന ഭാഗ്യക്കുറിക്ക് 12 ശതമാനം, മറ്റു ലോട്ടറികള്‍ക്ക് 28 ശതമാനം നികുതി നിരക്ക് ഉറപ്പിച്ചു. ഇരട്ട നിരക്ക് ഭരണഘടനാ വിരുദ്ധമാണെന്നു കാട്ടി കോടതിയെ സമീപിച്ചെങ്കിലും വാദം തള്ളി. ജിഎസ്ടി കൗണ്‍സിലും സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും 28 ശതമാനം നിരക്ക് നിലനിര്‍ത്താന്‍ സംസ്ഥാനത്തിന്റെ ശ്രമങ്ങള്‍ക്കായി.
ഇതിനിടെ മാഫിയ കേരളത്തില്‍ ടിക്കറ്റ് വില്‍പ്പന തുടങ്ങാന്‍ ശ്രമിച്ചു. ജിഎസ്ടി നിയമവും ചട്ടവും ഉപയോഗിച്ച് നിയമ ലംഘകരെ അറസ്റ്റു ചെയ്തു. 2004ല്‍ റദ്ദുചെയ്ത ലോട്ടറി ചട്ടങ്ങളിലെ വ്യവസ്ഥ പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചു. 2018ല്‍ ചട്ടങ്ങള്‍ കൊണ്ടുവന്നു. ഈ നിയമപോരാട്ടമാണ് ഇപ്പോള്‍ വിജയത്തിലെത്തിയതെന്ന് ധനമന്ത്രി പറഞ്ഞു.



