തൃശൂര്‍: കാറ്റിലും മഴയിലും വൈദ്യുതി തടസം നേരിട്ടതോടെ ഓക്സിജന്‍ കോണ്സന്ട്രേറ്റര് പ്രവര്‍ത്തിക്കാതായി യുവതി മരിച്ചു. മകളുടെ വേര്‍പാടില്‍ മനംനൊന്ത് അധികം വൈകാതെ അമ്മയും മരിച്ചു. തൃശൂര്‍ മതിലകത്താണ് ദാരുണ സംഭവം ഉണ്ടായത്. റിട്ട. കെ.എസ്.ഇ.ബി ജീവനക്കാരന് മതിലകം വെസ്റ്റ് തോട്ടുപുറത്ത് ഉണ്ണികൃഷ്ണന്റെ ഭാര്യ പ്രീതി (49), മകള്‍ ഉണ്ണിമായ (27) എന്നിവരാണ് ഒരേ രാത്രിയില്‍ അടുത്തടുത്ത് മരിച്ചത്.
ഹൃദയവാല്‍വ് സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ഉണ്ണിമായ. കാട്ടൂര്‍ പൊഞ്ഞനം കോമരത്ത് ലാലിന്റെ ഭാര്യയായ ഉണ്ണിമായ്ക്ക് ഇടക്കിടെയുണ്ടാകുന്ന ശ്വാസതടസത്തില്നിന്ന് ആശ്വാസമായാണ് വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഓക്സിജന്‍ കോണ്സന്ട്രേറ്റര് വീട്ടില്‍ ഉപയോഗിച്ചിരുന്നത്.
എന്നാല്‍ വെള്ളിയാഴ്ച രാത്രി 11.30ഓടെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി നിലച്ചു. ഇതോടെ ഓക്സിജന്‍ കോണ്‍സന്‍ട്രേഷന്‍ പ്രവര്‍ത്തനം നിലയ്ക്കുകയും, ഉണ്ണിമായ അവശനിലയില്‍ ആകുകയുമായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ ഇടപെട്ട് ആംബുലന്‍സ് വരുത്തി സി. കെ. വളവ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഉണ്ണിമായയുടെ ജീവന് രക്ഷിക്കാനായില്ല.
മകളുടെ മരണ വിവരം അറിയിക്കാതെ കൂടെയുണ്ടായിരുന്ന സമീപവാസികള്‍ പ്രീതിയെ മകളുടെ ഭര്‍തൃഗൃഹത്തില്‍ എത്തിച്ചു. ഇതിന് പിന്നാലെ ഉണ്ണിമായയുടെ മൃത ശരീരവും ആംബുലന്‍സില്‍ അവിടേക്കു കൊണ്ടുവന്നു. മകളുടെ മൃതദേഹം ആംബുലന്‍സില്‍നിന്ന് ഇറക്കുന്നത് കണ്ട് പ്രീതി കുഴഞ്ഞു വീഴുകയായിരുന്നു. പ്രീതിയെ അതേ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.



