ലോകത്തെ മഹാപ്രതിസന്ധിയിലാക്കിയ കൊറോണ വൈറസിന്റെ ഉത്ഭവം ലബോറട്ടറിയില്‍ നിന്നാണോ എന്ന ചോദ്യം വീണ്ടും ഉയരുന്നു. വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് ഇനിയും വ്യക്തതയില്ലെന്നും ഇക്കാര്യം ഗൗരവമായി പഠിക്കണമെന്നും മുതിര്‍ന്ന ശാസ്ത്രജ്ഞര്‍ ആവശ്യപ്പെട്ടു. മഹാമാരി എങ്ങനെ പൊട്ടിപ്പുറപ്പെട്ടു എന്നതില്‍ കൂടുതല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ടത് പതിനെട്ട് ശാസ്ത്രജ്ഞരാണ്. ഇക്കാര്യത്തില്‍ ലോകാരോഗ്യ സംഘടന നടത്തിയ പഠനത്തില്‍ എല്ലാ കാര്യങ്ങളും പരിശോധിച്ചില്ലെന്നും ശ്ാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടി. ചൈനീസ് ശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ ഉള്‍പ്പെടുത്തി ജനുവരി,ഫെബ്രുവരി മാസങ്ങളിലായി നാല് ആഴ്ചയോളം വുഹാനില്‍ പഠനം നടത്തിയിരുന്നു.വവ്വാലുകളില്‍ നിന്ന് വൈറസ് മറ്റു മൃഗങ്ങളിലൂടെ മനുഷ്യരിലേക്ക് പടരാനാണ് സാധ്യതയെന്നായിരുന്നു അന്തിമറിപ്പോര്‍ട്ടിലെ അനുമാനം.എന്നാല്‍ ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ ലാബില്‍ നിന്നാണോ മൃഗങ്ങളില്‍ നിന്നാണോ വൈറസ് മനുഷ്യരിലെത്തിയതെന്ന് കണ്ടെത്താന്‍ സാധിക്കൂ എന്നാണ് മുതിര്‍ന്ന ശാസ്ത്രജഞര്‍ പറയുന്നത്.
രവീന്ദ്ര ഗുപ്ത,ജെസ് ബ്ലൂം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം ആവശ്യപ്പെട്ടത്. കേംബ്രിഡ്ജ് സര്‍വകലാശാല ക്ലിനിക്കല്‍ മൈക്രോബയോളജിസ്റ്റ് ആണ് രവീന്ദ്ര ഗുപ്ത. വൈറസുകളുടെ ഉല്‍പ്പത്തിയെ കുറിച്ച് ഗവേഷണം നടത്തുന്നവരാണ് ഇവര്‍. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരാനും ലാബുകളില്‍ നിന്ന് പുറത്തുപോകാനും സാധ്യതയുണ്ടെന്നാണ് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ മൈക്രോബയോളജി പ്രഫസറായ ഡേവിഡ് റെല്‍മാന്‍ പറയുന്നത്.
രോഗം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ശാസ്ത്രജ്ഞര്‍,ചൈനയിലെ ഡോക്ടര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പുറത്തുവിട്ടത് അടക്കം എല്ലാ വിവരങ്ങളും പരിശോധിക്കണമെന്ന് ഈ ശാസ്ത്രജ്ഞര്‍ ആവശ്യപ്പെട്ടു.2019 ല്‍ ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കോവിഡ് മഹാമാരി ഇതുവരെ 34 ലക്ഷത്തോളം പേരുടെ ജീവനെടുത്തുകഴിഞ്ഞു. ലോകത്തെ ജനജീവിതത്തിന്റെ താളം തെറ്റിച്ച മഹാമാരി സമാനതകളില്ലാത്ത തകര്‍ച്ചയാണ് ലോകസമ്ബദ് വ്യവസ്ഥയ്ക്കുണ്ടാക്കിയത്.



