ഗസ്സയ്ക്കു മേലുള്ള ഇസ്രായേല്‍ ആക്രമണം തുടരുന്നതിനിടെ ഇസ്രായേലിലേക്ക് യാത്ര ചെയ്യുന്നതില്‍നിന്ന് സ്വന്തം പൗരന്മാരെ വിലക്കി അമേരിക്ക. ഗസ്സയില്‍ നൂറിലേറെ പേരുടെ മരണത്തിനിടയാക്കിയ ബോംബിങ്ങിനോടുള്ള പ്രതികരണമായി ഹമാസ് റോക്കറ്റ് ആക്രമണം തുടരുകയും ഇസ്രായേലിന്റെ വിവിധ ഭാഗങ്ങളില്‍ തീവ്രവലതുപക്ഷവും അറബ് വംശജരും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണിത്.

“ഗസ്സ അതിര്‍ത്തിയിലും ജെറുസലേം അടക്കം ദക്ഷിണ-മധ്യ ഇസ്രായേലിലും റോക്കറ്റുകള്‍ പ്രതിഫലനമുണ്ടാക്കുന്നുണ്ട്. ഇസ്രായേലിലുടനീളം പ്രതിഷേധങ്ങളിലും അക്രമങ്ങളിലും പ്രകടമായ വര്‍ധനയുണ്ടായിട്ടുണ്ട്. സമീപകാലത്തെ അക്രമ സംഭവങ്ങളില്‍ നശീകരണം, കല്ലേറ്, വാഹനങ്ങള്‍ കത്തിക്കല്‍, വഴിയാത്രക്കാര്‍ക്ക് നേരെയുള്ള ആക്രമണം എന്നിവ ഉള്‍പ്പെടുന്നു. കൂടുതല്‍ പ്രതിഷേധങ്ങളും അക്രമങ്ങളും മുന്നറിയിപ്പില്ലാതെ തുടങ്ങാന്‍ സാധ്യതയുണ്ട്.” – അമേരിക്ക പുറത്തിറക്കിയ ട്രാവല്‍ അഡ്വൈസറിയില്‍ പറയുന്നു.

ഖുദ്‌സ് പള്ളിക്കും ഫലസ്തീന്‍ ജനതക്കും നേരെ നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ ഇസ്രായേലിലെ അറബ് വംശജര്‍ പരസ്യമായി രംഗത്തിറങ്ങിയിരുന്നു. ഇവരെ ആയുധങ്ങളുമായി നേരിടാന്‍ പൊലീസിന്റെ സഹായത്തോടെ വലതുപക്ഷം രംഗത്തെത്തിയതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. 20 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇത്രയും വലിയ തോതിലുള്ള പ്രതിഷേധ പ്രകടനങ്ങള്‍ ഇസ്രായേലില്‍ അരങ്ങേറുന്നത്.

ഗസ്സയില്‍ ഇസ്രായേല്‍ നാലു ദിവസത്തിലേറെയായി തുടരുന്ന ബോംബിങ്ങിലും വ്യോമാക്രമങ്ങളിലും ഇതുവരെ 103 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 26 കുട്ടികളും ഗര്‍ഭിണിയായ മാധ്യമ പ്രവര്‍ത്തകയടക്കം 14 സ്ത്രീകളും ഉള്‍പ്പെടുന്നു. റോക്കറ്റുകള്‍ ഉപയോഗിച്ചു ഹമാസ് നടത്തുന്ന തിരിച്ചടിയില്‍ ഏഴ് ഇസ്രായേലികളും കൊല്ലപ്പെട്ടു.