ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹമായ സി.എം.എസ്-01 ഐ.എസ്.ആര്‍.ഒ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ വിക്ഷേപണത്തറയില്‍ നിന്ന് പി.എസ്.എല്‍.വി-സി50 റോക്കറ്റാണ് ഉപഗ്രഹത്തെ നിശ്ചിത ഭ്രമണപഥത്തില്‍ എത്തിച്ചത്.
പി.എസ്.എല്‍.വി.യുടെ 52-ാമത്തെയും ശ്രീഹരിക്കോട്ടയില്‍നിന്നുള്ള 77-ാമത്തെയും വിക്ഷേപണമാണിത്. സി.എം.എസ്. 01-ന് 1410 കിലോ ഗ്രാം ഭാരമുണ്ട്. 2011-ല്‍ വിക്ഷേപിച്ച ജി സാറ്റ് 12-ന് പകരമായാണ് സി.എം.എസ്. -01 വിക്ഷേപിക്കുന്നത്.
ഇന്ത്യന്‍ ഉപഭൂഖണ്ഡം, അന്തമാന്‍ നിക്കോബാര്‍, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ വാര്‍ത്താവിനിമയ മേഖലയിലെ സേവനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും ഈ വിക്ഷേപണം നിര്‍ണായകമാകും. ടെലിവിഷന്‍, ടെലി എജ്യുക്കേഷന്‍, ടെലി മെഡിസിന്‍, ദുരന്തനിവാരണം തുടങ്ങിയ മേഖലയ്ക്ക് ഉപഗ്രഹം സഹായകമാകും.



