ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ നിലവിലെ ചാമ്ബ്യന്മാരായ ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്ത് തിരികെയെത്തി. അവസാന കുറച്ച് ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന സ്പര്‍സിനെ പരാജയപ്പെടുത്തിയാണ് ലിവര്‍പൂള്‍ ഒന്നാമത് എത്തിയത്. ആവേശകരമായ മത്സരത്തില്‍ ഒരു ഇഞ്ച്വറി ടൈം ഗോളിന്റെ ബലത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ലിവര്‍പൂളിന്റെ വിജയം. അവസരങ്ങള്‍ ഏറെ തുലച്ചു കളഞ്ഞത് ആണ് സ്പര്‍സിന് വിനയായത്.
ആദ്യ പകതിയില്‍ ലിവര്‍പൂളിന്റെ തുടര്‍ ആക്രമണങ്ങള്‍ ആണ് കണ്ടത്. 26ആം മിനുട്ടില്‍ സലായുടെ ഒരു ഡിഫ്ലക്റ്റഡ്ഷോട്ട് വലയില്‍ എത്തിയതോടെ ആന്‍ഫീല്‍ഡില്‍ ലിവര്‍പൂള്‍ മുന്നിലെത്തി. പിന്നീട് ജോസെ മൗറീനീയുടെ ടീമിന്റെ മികവാണ് കാണാന്‍ കഴിഞ്ഞത്. 33ആം മിനുട്ടില്‍ ലിവര്‍പൂളിന്റെ ഓഫ്സൈഡ് ട്രാപൊ വെട്ടിച്ച് ലൊസെല്‍സോ നല്കിയ പാസ് സ്കീകരിച്ച് മുന്നേറിയ സോണ്‍ എളുപ്പത്തില്‍ ലക്ഷ്യം കണ്ടു.
അതിനു ശേഷം ലീഡ് എടുക്കാന്‍ സ്പര്‍സിന് നിരവധി അവസരങ്ങള്‍ ആണ് ലഭിച്ചത്. പക്ഷെ ഒന്നു പോലും ലക്ഷ്യത്തില്‍ എത്തിയില്ല. ഹാരി കെയ്ന്‍, ബെര്‍ഗ്വൈന്‍ എന്നിവര്‍ സുവര്‍ണ്ണാവസരങ്ങള്‍ തന്നെ പാഴാക്കി. ഈ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയതിനുള്ള ശിക്ഷ സ്പര്‍സിന് ഇഞ്ച്വറി ടൈമില്‍ ലഭിച്ചു. 91ആം മിനുട്ടില്‍ ഒരു മനോഹര ഹെഡറിലൂടെ ബ്രസീലിയന്‍ താരം ഫര്‍മീനോ ലിവര്‍പൂളിന്റെ വിജയ ഗോള്‍ നേടി.
ഈ വിജയത്തോടെ ലിവര്‍പൂള്‍ 28 പോയിന്റുമായി ഒന്നാം സ്ഥാനത്ത് എത്തി. 25 പോയിന്റുമായി സ്പര്‍സ് രണ്ടാമതാണ്.



