മലപ്പുറം തിരൂരങ്ങാടി നഗരസഭയിലെ മുപ്പത്തി നാലാം വാർഡിൽ വെള്ളിയാഴ്ച റിപോളിങ്. യന്ത്ര തകരാർ മൂലം വോട്ടെണ്ണൽ തടസപ്പെട്ടതിനെ തുടർന്നാണ് റീപോളിംഗ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചത്. റിപോളിംഗ് പ്രഖ്യാപിച്ചതോടെ മുന്നണികൾ വീണ്ടും പ്രചാരണത്തിൽ സജീവമായി.
39 സീറ്റുള്ള നഗരസഭയിൽ മുപ്പത്തി മൂന്ന് സീറ്റും നേടി യുഡിഎഫ് അധികാര കസേരയുറപ്പിച്ചെങ്കിലും റിപോളിംഗ് മുന്നണികൾക്ക് അഭിമാനപോരാട്ടം തന്നെ തോൽവിയുടെ നാണക്കേട് മാറ്റാൻ എൽഡിഎഫിന് ജയം അനിവാര്യമാകുമ്പോൾ സർവാധിപത്യം ഉറപ്പിക്കുകയാണ് യുഡിഎഫിന്റെ ലക്ഷ്യം. ഇന്നലെ വോട്ടെണ്ണൽ തുടങ്ങിയപ്പോഴാണ് യന്ത്ര തകരാർ ശ്രദ്ധയിൽപെട്ടത്. വിദഗ്ദ്ധ എഞ്ചിനിയർമാരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയെങ്കിലും കൺട്രോൾ യൂണിറ്റിലെ തകരാർ പരിഹരിക്കാനായില്ല. ഇതോടെയാണ് റിപോളിംഗ് പ്രഖ്യാപിക്കേണ്ടി വന്നത്.
കിസാൻ കേന്ദ്രം വാർഡിലെ തൃക്കുളം സ്കൂളിലാണ് റീപോളിംഗ് നടക്കുക. രാവിലെ ഏഴുമുതൽ വകിട്ട് ആറുവരെയാണ് റീപോളിംഗ്. എട്ടുമണിക്ക് മുൻസിപ്പാലിറ്റിയിൽ വോട്ടെണ്ണൽ നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം വന്നതോടെ മുന്നണികൾ രാത്രി തന്നെ കളത്തിലിറങ്ങി പ്രചാരണം ആരംഭിച്ചു.



