ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ മുഖ്യാതിഥിയാകും. യു കെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് ആണ് ഇക്കാര്യം അറിയിച്ചത്. വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് 2021 ലെ റിപ്പബ്ലിക് ദിനാഘോഷത്തിൽ ബോറിസ് ജോൺസൺ മുഖ്യാതിഥിയാകാനുള്ള ഇന്ത്യയുടെ ക്ഷണം അദ്ദേഹം സ്വീകരിച്ചതായി ഡൊമിനിക് റാബ് അറിയിച്ചത്.
ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാനുള്ള ക്ഷണം ബോറിസ് ജോൺസൺ സ്വീകരിച്ചിട്ടുണ്ട്. മികച്ച അംഗീകാരമാണിത്. അടുത്ത വർഷം യുകെ ആതിഥേയത്വം വഹിക്കുന്ന ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ബോറിസ് ജോൺസൺ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചതിൽ അതീവ സന്തോഷമുണ്ടെന്നും ഡൊമിനിക് റാബ് വ്യക്തമാക്കി.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ വേണ്ട എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.