നിരാഹാരസമരവും രാജ്യവ്യാപക പ്രതിഷേധവുമായി കര്‍ഷക പ്രതിഷേധം ആളിക്കത്തുന്നു. ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ 40 കര്‍ഷക നേതാക്കള്‍ നിരാഹാരം അനുഷ്ഠിച്ചു. രാജ്യവ്യാപകമായി കര്‍ഷകര്‍ ജില്ലാ കേന്ദ്രങ്ങളിലേക്ക് മാര്‍ച്ച് നടത്തി. രാജസ്ഥാന്‍-ഹരിയാന അതിര്‍ത്തിയായ ഷാജഹാന്‍പൂരില്‍ കര്‍ഷകര്‍ റോഡ് ഉപരോധം തുടരുകയാണ്.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിംഗു, തിക്രി, ഗാസിയാബാദ് അതിര്‍ത്തികളിലാണ് 40 കര്‍ഷക സംഘടനകളിലെ നേതാക്കള്‍ നിരാഹാര സത്യാഗ്രഹം നടത്തിയത്. വൈകിട്ട് അഞ്ച് മണിക്ക് വെള്ളവും പഴവര്‍ഗങ്ങളും കഴിച്ച് നിരാഹാരം അവസാനിപ്പിച്ചു. ആയിരകണക്കിന് കര്‍ഷകരും ഒന്‍പത് മണിക്കൂര്‍ നീണ്ട നിരാഹാര സമരത്തില്‍ പങ്കുചേര്‍ന്നു. മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുന്നത് വരെ സമാധാനപരമായി പ്രക്ഷോഭം തുടരുമെന്ന് കര്‍ഷക നേതാക്കള്‍ പറഞ്ഞു. നിരാഹാര സമരത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലും അതിര്‍ത്തി പ്രദേശങ്ങളിലും സുരക്ഷാസന്നാഹം വര്‍ധിപ്പിച്ചിരുന്നു. ഡല്‍ഹി, പഞ്ചാബ് , ഹരിയാന, ബീഹാര്‍, ഒഡിഷ, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ വന്‍പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. ഷിംലയില്‍ കലക്ടറേറ്റ് ഉപരോധിച്ചു.