ഇടുക്കി: കേരള തമിഴ്‌നാട് അതിര്‍ത്തി ഗ്രാമങ്ങളില്‍ ഇരട്ട വോട്ട് വിവാദത്തിന് പിന്നാലെ ഇരട്ട റേഷന്‍ കാര്‍ഡും വിവാദത്തില്‍. ഇടുക്കി ജില്ലയിലെ 3 താലൂക്കുകളില്‍ 5000ത്തിലധികം ഇരട്ട റേഷന്‍ കാര്‍ഡ് ഉടമകളാണുള്ളത്. കേരളത്തിലും തമിഴ്‌നാട്ടിലും മറ്റു സംസ്ഥാനങ്ങളിലുമായാണ് ഇരട്ട റേഷന്‍ കാര്‍ഡുകള്‍ കണ്ടെത്തിയത്. ഇവരുടെ ഏതെങ്കിലും ഒരു സംസ്ഥാനത്തെ കാര്‍ഡ് നിലനിര്‍ത്തിയ ശേഷം അധികമായുള്ള കാര്‍ഡ് റദ്ദാക്കുന്നതിനു ഭക്ഷ്യ വിതരണ വകുപ്പ് നടപടി ആരംഭിച്ചു.

കേരള തമിഴ്‌നാട് അതിര്‍ത്തി പ്രദേശത്തെ ഉടുമ്ബന്‍ചോല, ദേവികുളം, പീരുമേട് താലൂക്കുകളിലെ 5000 പേര്‍ക്ക് കേരളത്തിനു പുറമെ തമിഴ്‌നാട്ടിലും, കര്‍ണാടകയിലും, ആന്ധ്രയിലും ഇരട്ട റേഷന്‍ കാര്‍ഡുകള്‍ ഉള്ളതായി വിവരം ലഭിച്ചു. കേരളത്തിലും തമിഴ്‌നാട്ടിലും റേഷന്‍ കാര്‍ഡുള്ള 2500 ഉപഭോക്താക്കളെ ഉടുമ്ബന്‍ചോല താലൂക്കില്‍ മാത്രം കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്ക് ഇവര്‍ ആനുകൂല്യങ്ങള്‍ സ്വീകരിക്കുന്ന റേഷന്‍കടകള്‍ മുഖാന്തിരം നോട്ടീസ് അയച്ച്‌ റേഷന്‍ കാര്‍ഡ് റദ്ദാക്കാനുള്ള നടപടികള്‍ തുടങ്ങി. ഉടുമ്ബന്‍ചോല താലൂക്കില്‍ ഇരട്ട റേഷന്‍ കാര്‍ഡുള്ളവര്‍ക്കാണ് നോട്ടിസ് അയക്കുന്നത്.

ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി റേഷന്‍ കാര്‍ഡ് ഉടമകള്‍ ആധാറുമായി കാര്‍ഡ് ലിങ്ക് ചെയ്യുന്ന നടപടികള്‍ പുരോഗമിച്ച്‌ വരികയാണ്. ആധാര്‍ ലിങ്കിംഗ് നടന്നപ്പോഴാണ് ഇരട്ട റേഷന്‍ കാര്‍ഡ് ഉടമകളെ കണ്ടെത്തിയത്. ഇവരുടെ പട്ടിക തയ്യാറാക്കിയ ശേഷം ഇരട്ട റേഷന്‍ കാര്‍ഡുള്ളവര്‍ക്ക് നോട്ടീസ് നല്‍കുന്ന നടപടിക്രമങ്ങള്‍ ഭക്ഷ്യവകുപ്പ് സ്വീകരിച്ചു വരികയാണ്.