തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാന സിലബസ് ലഘൂകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. എസ്‌എസ്‌എല്‍സി, പ്ലസ് ടു ക്ലാസുകളിലെ പാഠ്യഭാഗങ്ങള്‍ എങ്കിലും അടിയന്തിരമായി ലഘൂകരിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. കോവിഡ് മഹാമാരിയെ തുടര്‍ന്ന് സിബിഎസ്‌ഇ/ഐസിഎസ്‌ഇ സിലബസുകള്‍ കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

സിലബസ് ലഘൂകരിക്കാതെ വാര്‍ഷിക പരീക്ഷ നടത്തുന്നത് വിദ്യാര്‍ഥികളില്‍ കടുത്ത മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കും. കോവിഡിന്റെ സാഹചര്യത്തില്‍ അയല്‍ സംസ്ഥാനങ്ങളും സിലബസ് ലഘൂകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സംസ്ഥാന സിലബസില്‍, പാഠ്യഭാഗങ്ങള്‍ അടിയന്തിരമായി കുറയ്‌ക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

നിലവിലെ സിലബസ് പൂര്‍ണ്ണമായും എങ്ങനെ പൂര്‍ത്തീകരിക്കാനാവുമെന്നത് സംബന്ധിച്ച്‌ അധ്യാപകര്‍ക്കും, വിദ്യാര്‍ഥികള്‍ക്കും ആശങ്കകളുണ്ട്. സിലബസ് പ്രകാരമുളള അധ്യയനം ഇപ്പോള്‍ തന്നെ കൃത്യമായി നടത്താന്‍ കഴിയുന്നില്ല. വിക്‌ടേഴ്‌സ് ചാനല്‍ വഴിയുള്ള ക്ലാസുകള്‍ക്ക് പ്രായോഗിക പരിമിതികളുണ്ടെന്നും അദ്ദേഹം പറഞ്ഞു.