ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വീണ്ടും തിരിച്ചടി. നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി കോടതി തള്ളി. ജോര്‍ജിയ, മിഷിഗണ്‍, പെനിസില്‍വാനിയ, വിസ്‌കോസിന്‍ എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി നല്‍കിയത്.

19 സ്റ്റേറ്റ് അറ്റോണിമാരും, 127 റിപ്പബ്ലിക്കന്‍ പ്രതിനിധികളും സംയുക്തമായാണ് ടെക്‌സസ് സംസ്ഥാനത്തിന്റെ പേരില്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ ഈ നാല് സംസ്ഥാനങ്ങളിലേയും വിജയി ജോ ബൈഡന്‍ തന്നെയാണെന്ന് വ്യക്തമാക്കിയ കോടതി ഹര്‍ജി തള്ളുകയായിരുന്നു. ടെക്‌സസിന് ഇങ്ങനെയൊരു ഹര്‍ജി നല്‍കാന്‍ നിയമപരമായ അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ ട്രംപ് തയ്യാറായിരുന്നില്ല. തിരഞ്ഞെടുപ്പില്‍ താനാണ് വിജയിച്ചതെന്നും, വോട്ടെണ്ണലില്‍ ക്രമക്കേട് നടന്നെന്നുമായിരുന്നു ട്രംപിന്റെ ആരോപണം. ഇതിന്റെ പശ്ചാത്തലത്തില്‍ ചില സംസ്ഥാനങ്ങളില്‍ വീണ്ടും വോട്ടെണ്ണല്‍ നടത്തിയിരുന്നു. അപ്പോഴും വിജയം ബൈഡനായിരുന്നു.