കഴിഞ്ഞ ദിവസം വിരമിച്ച മുൻ ഇന്ത്യൻ താരം പാർത്ഥിവ് പട്ടേൽ ഐപിഎൽ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിൽ ചേർന്നു. ക്ലബിൻ്റെ ടാലൻ്റ് സ്കൗട്ടായാണ് താരത്തെ നിയമിച്ചത്. ഐപിഎൽ ടീമുകളിൽ ഏറ്റവും മികച്ച സ്കൗട്ടുള്ള മുംബൈക്ക് പാർത്ഥിവിൻ്റെ സാന്നിധ്യം കൂടുതൽ കരുത്ത് നൽകും.
ഇങ്ങനെയൊരു അവസരം നൽകിയതിൽ മുംബൈ ഇന്ത്യൻസിനോട് നന്ദിയുണ്ടെന്ന് പാർത്ഥിവ് പറഞ്ഞു. മുംബൈ ഇന്ത്യൻസിൽ കളിക്കുമ്പോൾ തന്നെ മികച്ച ക്രിക്കറ്റിംഗ് ബ്രെയിൻ ഉള്ളയാളാണ് പാർത്ഥിവ് എന്ന് മനസ്സിലായിരുന്നു എന്നും മുംബൈ ഇന്ത്യൻസിൻ്റെ രീതിയുമായി ഒത്തുപോകുന്നതു കൊണ്ട് തന്നെ അദ്ദേഹത്തിൻ്റെ വരവ് ടീമിനു ഗുണം ചെയ്യുമെന്ന് കരുതുന്നു എന്നും ഫ്രാഞ്ചൈസി ഉടമ ആകാശ് അംബാനി പറഞ്ഞു.
17ആം വയസ്സിൽ ഇന്ത്യക്കായി ടെസ്റ്റ് മത്സരത്തിലൂടെ അരങ്ങേറിയ പാർത്ഥിവ് 18 വർഷം നീണ്ട ക്രിക്കറ്റ് കരിയറിനു ശേഷമാണ് വിരമിച്ചത്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ പാർത്ഥിവ് തന്നെയാണ് വിവരം അറിയിച്ചത്. വിവിധ ഐപിഎൽ ഫ്രാഞ്ചൈസികൾക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.
2002ൽ ഇംഗ്ലണ്ടിനെതിരെയാണ് അദ്ദേഹം ഇന്ത്യക്കായി ആദ്യ മത്സരം കളിച്ചത്. 25 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 31.13 ശരാശരിയിൽ 934 റൺസാണ് അദ്ദേഹത്തിൻ്റെ സമ്പാദ്യം. 38 ഏകദിനങ്ങളും 2 ടി-20കളും അദ്ദേഹം ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. അരങ്ങേറ്റ മത്സരത്തിൽ സമനില പിടിക്കാൻ ഒരു മണിക്കൂറോളമാണ് അദ്ദേഹം ക്രീസിൽ പിടിച്ചുനിന്നത്. ഇത് അദ്ദേഹത്തിൻ്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്സുകളിൽ ഒന്നായിരുന്നു. എംഎസ് ധോണിയുടെ വരവോടെ ടീമിൽ ഇടം നഷ്ടമായ താരം പിന്നീട് 2016ൽ ടീമിൽ തിരികെയെത്തി. മികച്ച ചില ഇംന്നിംഗ്സുകളും തിരിച്ചുവരവിൽ അദ്ദേഹം കളിച്ചു.