തിരുവനന്തപുരം∙തദ്ദേശ തിരഞ്ഞെടുപ്പിൽ ഏറ്റവും ശ്രദ്ധേയമായ മത്സരം നടന്ന തിരുവനന്തപുരം കോർപറേഷനിൽ ജയസാധ്യതകൾ വിശകലനം ചെയ്യുന്ന തിരക്കിലാണ് മുന്നണികൾ. മൂന്നു മുന്നണികൾക്കും കോർപറേഷനിലുള്ള സ്വാധീനവും നഗരത്തിലെ വോട്ടർമാരുടെ മനസ് എളുപ്പത്തിൽ മനസിലാക്കാൻ കഴിയാത്തതും വോട്ടു ചെയ്യാൻ നഗരവാസികൾ കാണിക്കുന്ന വിമുഖതയുമെല്ലാം പ്രവചനം ദുഷ്കരമാക്കുന്നു. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ ബിജെപിയുടെ സാന്നിധ്യമാണ് ത്രികോണ പോരാട്ടം ശക്തമാക്കുന്നത്.
പ്രധാനമന്ത്രിയെത്തുമ്പോൾ സ്വീകരിക്കാൻ ബിജെപി മേയറുണ്ടാകുമെന്നു തുറന്നു പറഞ്ഞു പോരിനിറങ്ങിയ ബിജെപി, കോർപറേഷൻ പിടിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ്. 45–50 സീറ്റുവരെയാണ് പാര്‍ട്ടി പറയുന്നത്. കോർപറേഷൻ പിടിക്കാനായാൽ ബിജെപിക്ക് അത് ‘ദേശീയതലത്തിലെ’ നേട്ടമാണ്. കേന്ദ്ര നേതൃത്വത്തിനു മുന്നിൽ വിജയം അനിവാര്യമായതിനാൽ ചിട്ടയായ പ്രവർത്തനമാണ് നടത്തിയത്. 15 വാർഡുകളിലെങ്കിലും ബിജെപി–എൽഡിഎഫ് ശക്തമായ മത്സരം കാഴ്ചവച്ചിട്ടുണ്ട്. ഇവിടുത്തെ ഫലം അധികാരത്തിൽ നിർണായകമാകും. ഗ്രൂപ്പ് പ്രശ്നം തിരിച്ചടിയാകുമോയെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. കോർപറേഷൻ ഭരണം പിടിച്ചാൽ അത് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻറെ നേട്ടമായി വ്യാഖ്യാനിക്കപ്പെടുമെന്നതിനാൽ മറുവശം നിർജീവമായെന്ന ആക്ഷേപമുണ്ട്.
എൽഡിഎഫിനു 43 സീറ്റുകളാണ് കഴിഞ്ഞ തവണ ലഭിച്ചത്. മൂന്നു സീറ്റുകൾ ഇത്തവണ വർധിക്കുമെന്നും സർക്കാരിന് അനുകൂല തരംഗമുണ്ടായാൽ 50 കടക്കുമെന്നും പാർട്ടി അവകാശപ്പെടുന്നു. നിലമെച്ചപ്പെടുത്തുമെന്നും നാൽപതിൽ കൂടുതൽ സീറ്റുകൾ നേടുമെന്നും കോൺഗ്രസ് നേതൃത്വവും പറയുന്നു. ആകെ നൂറ് സീറ്റുള്ള കോർപറേഷനിൽ കേവല ഭൂരിപക്ഷത്തിനു 51 സീറ്റുകൾ വേണം. ബിജെപിക്കു 35ഉം കോൺഗ്രസിനു 21 സീറ്റുമാണ് കഴിഞ്ഞ തവണ ലഭിച്ചത്.
രാഷ്ട്രീയ പാർട്ടികൾ തുറന്നു സമ്മതിക്കുന്നില്ലെങ്കിലും ശക്തമായ പോരാട്ടം നടന്ന കോർപറേഷനിൽ തൂക്കു ഭരണത്തിനാണ് സാധ്യതയെന്ന വിലയിരുത്തലുണ്ട്. ഭരണവിരുദ്ധവികാരമോ പ്രാദേശിക അടിയൊഴുക്കുകളോ ഉണ്ടായെങ്കിൽ നിഗമനങ്ങൾ തെറ്റാം. സ്വതന്ത്രരുടെ നിലപാടുകളും നിർണായകമാകും. നിലവിലെ സീറ്റുകളിൽ പലതും മുന്നണികൾക്കു നഷ്ടപ്പെടുമെന്നും ജയിക്കുന്ന സീറ്റുകളിൽ ഭൂരിപക്ഷം കുറയുമെന്നും പാർട്ടികൾ കണക്കു കൂട്ടുന്നു. പുതുതായി എത്ര സീറ്റുകൾ പിടിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും വിജയത്തിന്റെ മാറ്റ്.
തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ബൂത്തുതല ഭാരവാഹികളോട് എൽഡിഎഫ് വിജയ സാധ്യത ആരാഞ്ഞിരുന്നു. ഭാരവാഹികൾ നൽകിയ കണക്കനുസരിച്ച് 72 സീറ്റുകളിൽ വിജയിക്കാം. കണക്കു തള്ളിയ പാർട്ടി ജില്ലാ നേതൃത്വം പുതിയ കണക്കുകൾ ആവശ്യപ്പെട്ടിരിക്കുകയാണ്. പ്രകടനം വലിയ മോശമാകില്ലെന്ന പ്രതീക്ഷയിലാണ് മുന്നണി. സ്ഥാനാർഥി നിർണയം വലിയ പ്രശ്നങ്ങളില്ലാതെ കടന്നുപോയി. കോർപറേഷൻ ഭരണത്തിനെതിരായ വികാരം ജനങ്ങളിലില്ലെന്നും പാർട്ടി നേതൃത്വം പറയുന്നു. കോർപറേഷൻ പിടിക്കുമെന്ന തരത്തിൽ ബിജെപി നടത്തിയ പ്രചാരണം ന്യൂനപക്ഷ വോട്ടുകൾ തങ്ങൾക്ക് അനുകൂലമാക്കിയെന്നാണ് പാര്ട്ടിയുടെ കണക്കുകൂട്ടൽ. എന്നാൽ, നഗരത്തിലെ സംഘടനാ സംവിധാനത്തിന്റെ കരുത്ത് ചോരുന്നത് തിരിച്ചടിയാകുമെന്ന് ആശങ്കയുണ്ട്.
കഴിഞ്ഞ തവണത്തെ പ്രകടനം മെച്ചപ്പെടുത്തുമെന്നു യുഡിഎഫ് നേതൃത്വം പറയുന്നു. ന്യൂനപക്ഷം അനുകൂലമായി വോട്ടു ചെയ്യുന്നതോടൊപ്പം സർക്കാര് വിരുദ്ധവോട്ടുകളും പെട്ടിയിലെത്തിയാൽ അനായാസം ജയിക്കാമെന്നാണ് കണക്കുകൂട്ടൽ. കഴിഞ്ഞ തവണ സംഘടനാ സംവിധാനത്തിലുണ്ടായ പോരായ്മകൾ പരിഹരിക്കാൻ മുന്നണിക്കു കഴിഞ്ഞു. സ്ഥാനാർഥി നിർണയത്തിൽ പ്രശ്നങ്ങളോ റിബൽ ശല്യങ്ങളോ വലിയതോതിൽ ഉണ്ടായില്ലെന്നതും ആശ്വാസമാണ്.