പി.പി. ചെറിയാന്‍
സാൻഫ്രാൻസിസ്ക്കോ ∙ ഇന്ത്യയിലെ ബഹുഭൂരിപക്ഷം കർഷകരേയും ദോഷമായി ബാധിക്കുന്ന കേന്ദ്ര ഗവൺമെന്റ് പുതിയതായി പാസ്സാക്കിയ കാർഷിക ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കലിഫോർണിയ സാൻഫ്രാൻസിസ്ക്കോയിൽ വൻ പ്രതിഷേധപ്രകടനം സംഘടിപ്പിച്ചു.
ഡിസംബർ 5ന് സിക്ക് കൊയലേഷൻ സംഘടനയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട പ്രതിഷേധ റാലിയിൽ സാൻഫ്രാൻസിസ്ക്കൊ, ഓക്ക്‌ലാൻഡ്, ബെ– റിഡ്ജ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള നൂറുകണക്കിന് ഇന്ത്യൻ അമേരിക്കൻ വംശജരാണ് പങ്കെടുത്തത്.
ബഹുഭൂരിപക്ഷം സിക്ക് വംശജർ അണിനിരന്ന പ്രകടനത്തിൽ പതാകകൾ വീശിയും മുദ്രാവാക്യങ്ങൾ വിളിച്ചും ഇന്ത്യയിലെ കർഷകരുടെ നട്ടെല്ലൊടിക്കുന്ന, സാമ്പത്തിക അസ്ഥിരതയിലേക്ക് നയിക്കുന്ന, ഗവൺമെന്റിൽ നിന്നും ഇപ്പോൾ ലഭിക്കുന്ന പ്രൈയ്‌സ് ഗാരന്റി നഷ്ടപ്പെടുത്തുന്ന കാർഷിക ബിൽ പിൻവലിക്കണമെന്ന് പ്രകടനക്കാർ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിക്കുന്ന പ്ലക്കാർഡുകളും പ്രകടനക്കാർ ഉയർത്തിയിരുന്നു.
ഷെയ് ഓൺ ഇന്ത്യാ ഗവൺമെന്റ്, വി.ആർ.ഫാർമേഴ്സ് നോട്ട് ടെററിസ്റ്റ് (SHAME ON INDIA GOVT. WE ARE FARMERS NOT TERRORIST) തുടങ്ങി മുദ്രാവാക്യങ്ങളും പ്രകടനക്കാർ മൈക്രോഫോണിലൂടെ വിളിച്ചു പറയുന്നുണ്ടായിരുന്നു. അത്യപൂർവ്വമായ പ്രകടനം കാണുന്നതിന് നിരവധി പേർ റോഡിനിരുവശത്തും കാത്തുനിന്നിരുന്നു.



