കൊവിഡ് വാക്‌സിനുകളുടെ ഉപയോഗത്തിന് ഇന്ത്യ ഈ മാസം മൂന്നാം വാരത്തില്‍ അനുമതി നല്‍കും. ഇതിനായുള്ള നടപടികള്‍ വിവിധ മന്ത്രാലയങ്ങള്‍ ആരംഭിച്ചു. ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ ഇന്ത്യയില്‍ ഉപയോഗിക്കാന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കിയ അപേക്ഷ യുദ്ധകാലാടിസ്ഥാനത്തില്‍ പരിഗണിക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ നിര്‍ദേശിച്ചു. രണ്ട് വ്യത്യസ്ത ഡോസിംഗ് വ്യവസ്ഥകള്‍ സംയോജിപ്പിച്ചുകൊണ്ടുള്ള ഉപയോഗത്തിനാണ് അനുമതി തേടിയത്. ഡ്രഗ്‌സ് കണ്‍ട്രോളര്‍ വാക്‌സിന് അനുമതി നല്‍കിയാല്‍ കൊവിഡ് വാക്‌സിന്‍ ഉപയോഗം ഇന്ത്യയിലും ആരംഭിക്കും.

കൊവിഡ് പ്രതിരോധത്തിന്റെ സുപ്രധാന ചുവട് ഇന്ത്യ ദിവസങ്ങള്‍ക്കുള്ളില്‍ വയ്ക്കും. വാക്‌സിന്‍ വിതരണത്തിന് അനുമതി നല്‍കിയുള്ള പ്രഖ്യാപനത്തിന്റെ കൗണ്ട് ഡൗണ്‍ ആരംഭിച്ചു എന്ന് പറയാമെന്ന് ആരോഗ്യമന്ത്രാലയ വൃത്തങ്ങള്‍ അവകാശപ്പെടുന്നു. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വാക്‌സിന്‍ വിതരണത്തിനായി അപേക്ഷ നല്‍കിയതോടെ നടപടികള്‍ക്ക് യുദ്ധകാല വേഗത കൈവന്നു.

കൊറോണ വൈറസ് പ്രതിരോധത്തില്‍ 60 ശതമാനം മുതല്‍ 70 ശതമാനം വരെ ആണ് ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്റെ ഫലപ്രാപ്തി. താരതമ്യേന ഇത് കുറഞ്ഞ ഫലപ്രാപ്തി നിരക്കാണെങ്കിലും പ്രായോഗികമായി ഫലപ്രദമായ വാക്‌സിന്‍ ഇന്ത്യയ്ക്ക് ഇതാകും എന്നാണ് വിലയിരുത്തല്‍. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ഇക്കാര്യം അവകാശപ്പെടുന്നു.

രണ്ട് വ്യത്യസ്ത ഡോസിംഗ് വ്യവസ്ഥകള്‍ സംയോജിപ്പിച്ചുകൊണ്ടുള്ള ഉപയോഗത്തിനാണ് സെറം അനുമതി തേടിയിട്ടുള്ളത്. ആദ്യം പകുതി അളവിലും പിന്നീട് പൂര്‍ണ അളവിലും വാക്‌സിന്‍ നല്‍കാനാണ് നിര്‍ദ്ദേശം. ഇങ്ങനെ വാക്‌സിന്‍ പരിക്ഷണ ഘട്ടത്തില്‍ സ്വീകരിച്ചവര്‍ക്കിടയില്‍ 90 ശതമാനം ഫലപ്രാപ്തിയുള്ളതായി കണ്ടെത്തിയിരുന്നു. മുന്‍ഗണന പട്ടികയിലുള്ളവര്‍ക്ക് നല്‍കിയ ശേഷം ഫെബ്രുവരി – മാര്‍ച്ച് മാസങ്ങളോടെ വാക്‌സിന്‍ വിപണിയില്‍ ലഭ്യമാക്കാനാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പദ്ധതി.