ആലുവ യുസി കോളജിലെ ബിരുദ പഠനം പൂർത്തിയാക്കി പി.ടി. ജോസഫ് എന്ന ബേബി വീട്ടിലെത്തിയ ദിവസം. പിതാവ് പാലക്കുന്നത്ത് കടോൺ ലൂക്കോച്ചൻ രണ്ട് കത്തുകൾ മകന് കൈമാറി. കുവൈത്ത് ബ്രിട്ടിഷ് ബാങ്കിലേക്കുള്ള ക്ഷണവും വീസയുമായിരുന്നു ഒന്ന്. മറ്റൊന്ന് പോസ്റ്റ് കാർഡിൽ എഴുതിയ രണ്ടു വരി. തിരുവല്ല മാർത്തോമ്മാ സഭാ ആസ്ഥാനത്ത് നടക്കുന്ന വൈദിക പഠന കൂടിക്കാഴ്ചയ്ക്ക് ഹാജരാവുക. ആലോചിച്ചു തീരുമാനമെടുക്കുക എന്നു മാത്രം പിതാവ് പറഞ്ഞു. ജോസഫ് ധർമസങ്കടത്തിലായി. പെട്ടെന്ന് മറ്റൊരു രംഗം ജോസഫിന്റെ മനസ്സിലേക്കു തിരശീല നീക്കി കടന്നുവന്നു.

രംഗം മാരാമൺ പാലക്കുന്നത് തറവാട്. കാലം 1944. ജോസഫ് അന്ന് സ്കൂൾ വിദ്യാർഥി. കോഴഞ്ചേരി പള്ളിയിൽ ബിഷപ് സ്ഥാനാരോഹണ ചടങ്ങ് പൂർത്തിയാക്കിയ ശേഷം പാലക്കുന്നത്ത് തറവാട്ടിൽ സഭാ കൗൺസിൽ യോഗം ചേരുകയാണ്. 12 പേർ മാത്രമാണ് അന്ന് അംഗങ്ങൾ. മുറ്റത്തു നിൽക്കുന്ന ബാലനെ ചേർത്തുപിടിച്ച് ഏബ്രഹാം മാർത്തോമ്മാ മെത്രാപ്പൊലീത്ത ചോദിച്ചു? ഏതു ക്ലാസിലാണ് പഠിക്കുന്നത്. പിന്നെ ഹൃദയത്തെ തൊട്ട് ഇങ്ങനെയൊരു ഉപദേശവും. ജീവിതത്തിൽ ഏതു തീരുമാനവും ദൈവത്തോട് ആലോചിച്ചു മാത്രം എടുക്കുക.

ബാല്യത്തിലെ ഈ ചേർത്തുപിടിക്കൽ രംഗം ജോസഫിന്റെ മനസ്സിൽ ശോഭ നിറച്ചു. സഭാസേവനത്തിലേക്ക് പോകണോ വേണ്ടയോ എന്ന ചോദ്യത്തിന് അപ്പോഴും ഉത്തരമായിട്ടില്ല. കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ തീരുമാനിച്ചു. എന്തെങ്കിലും പ്രതീക്ഷിച്ചാണോ ഈ സ്ഥാനത്തേക്കു വരുന്നത് ? സിലക്‌ഷൻ ബോർഡ് അംഗങ്ങളിലൊരാളുടെ ചോദ്യം യുവാവിനെ ചൊടിപ്പിച്ചു. തിരിച്ചു ചില ചോദ്യങ്ങൾ ചോദിക്കാനും മടിച്ചില്ല. മൂന്നാം ദിവസം വീട്ടിലൊരു കത്ത് എത്തി. വൈദിക സിലക്‌ഷൻ ബോർഡിൽനിന്ന് ഒരു ക്ഷമാപണക്കുറിപ്പ്. ആ ചോദ്യം മനസ്സിനെ നോവിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നു. ഏതായാലും സഭയുടെ സ്കോളർഷിപ്പോടെ പഠിക്കുന്നില്ല എന്നു തീരുമാനിച്ചു. 200 രൂപ പ്രതിമാസ ഫീസ് കൊടുത്ത് ബാംഗ്ലൂർ യുടി കോളജിൽ വൈദിക പഠനത്തിനു ചേർന്നു. പഠന ശേഷം സഭാസേവനത്തിലേക്കു തിരിഞ്ഞില്ലെങ്കിൽ പരാതി വരരുതെന്ന ചിന്തയായിരുന്നു പിന്നിൽ.

ബാലനായിരിക്കുമ്പോഴേ പുലാത്തീനിൽ താമസം

ജോസഫ് മാർത്തോമ്മായെ ഇടയ നിയോഗത്തിലേക്കു കൈപിടിച്ചത് ദൈവകൃപയുടെ അദൃശ്യശക്തിയല്ലാതെ മറ്റൊന്നുമല്ല. അതിനു പിന്നിലും ഒരു അനുഭവകഥയുണ്ട്. തീത്തൂസ് തിരുമേനിയുടെ കണ്ണിനു കാഴ്ച കുറഞ്ഞ സമയം. തിരുവല്ലക്കാരൻ കറിയാച്ചേട്ടനും മാരാമൺ കൊളഞ്ഞികൊമ്പിലെ കൊച്ചുമത്തായിയും തീത്തൂസ് തിരുമേനിയും ചേരുന്നതാണ് അന്നത്തെ സഭാ ഓഫിസ്.

ശനിയാഴ്ച ഉച്ചയോടെ ഇവരെ വീട്ടിൽ പോകാ‍ൻ അനുവദിക്കും. ശനിയും ഞായറും തിരുവല്ല സഭാ ആസ്ഥാനത്തെ പുലാത്തീനിലും സഭാ ഓഫിസ് പരിസരത്തും അധികമാരും ഉണ്ടാകില്ല. എല്ലാ വെള്ളിയാഴ്ചയും വൈകിട്ട് സ്കൂൾ കഴിഞ്ഞാലുടൻ തിങ്കളാഴ്ചത്തേക്കുള്ള പുസ്തവുമായി മാരാമണ്ണിൽ നിന്ന് ബന്ധുവായ ജോസഫ് എന്ന കുട്ടി തിരുവല്ലയിലെത്തും. 1939 മുതൽ 1944 വരെ ഇതു തുടർന്നു. കെസിഎംഎസ് ബസിലാണ് മാരാമണ്ണിൽനിന്ന് തിരുവല്ലയ്ക്കുള്ള യാത്ര. ഫ്രീ ടിക്കറ്റാണ്. ബസ് കമ്പനിയിൽ ഷെയർ ഉള്ള കുടുംബാംഗമായതിന്റെ മെച്ചം.

തിരുമേനിയുടെ ഏകാന്ത വാസത്തിനു കൂട്ടായി ഒരു പൂച്ചയും നായയുമുണ്ട്. തോട്ടപ്പുഴശ്ശേരിക്കാരൻ വർഗീസ് ചേട്ടനും പുലാത്തീന്റെ സമീപവാസികളായ ഏതാനും കുട്ടികളും ഒപ്പമുണ്ട്. വൈദികൻ അനുഭവിക്കുന്ന പ്രതിസന്ധികളും വേദന നിറഞ്ഞ വഴിയുടെ കാഠിന്യവും അന്നേ മനസ്സിലാക്കിയതിനാലാണ് ഈ ‘നുകം’ വേണ്ടെന്നു നേരത്തേ മനസ്സിലുറച്ചത്.

വൈദിക വഴിയിലെ ആദ്യ ചുവട് ഏബ്രഹാം മാർത്തോമ്മായ്ക്ക് ഒപ്പം

വൈദിക പഠനത്തിനായി ബാംഗ്ലൂരിലേക്കു പോകുന്നതിനു തലേന്ന് ഏബ്രഹാം മാർത്തോമ്മാ മാരാമണ്ണെത്തി. തന്റെ കൂടെ പോന്നാൽ ഇന്ന് തിരുവല്ലയിൽ താമസിച്ച് രാവിലെ കോട്ടയം സ്വരാജ് ബസ്റ്റാൻഡിൽ വിടാമെന്ന് അദ്ദേഹം പറഞ്ഞു. ഡ്രൈവർ ദാനിയേൽ ചേട്ടൻ സ്വരാജ് ബസ് സ്റ്റാൻഡിൽ എത്തിച്ചു. അവിടെനിന്ന് ബസിൽ ആലുവയെത്തി. തുടർന്ന് ട്രെയിനിൽ ബാംഗ്ലൂരിലേക്ക്. ബെംഗാരപ്പെട്ടിൽ എത്തിയപ്പോഴാണ് കേരള വാഴ്സിറ്റി ബിഎ പരീക്ഷയിൽ ജയിച്ച വിവരം പത്രത്തിലൂടെ അറിയുന്നത്.

അന്നു പട്ടമേറ്റത് 5 പേർക്കൊപ്പം

ഏകദേശം 63 വർഷം മുമ്പ് മാരാമൺ മാർത്തോമ്മാ പള്ളി. മാത്യൂസ് മാർ അത്തനാസിയോസും യൂഹാനോൻ മാർത്തോമ്മയും പാലക്കുന്നത്ത് അച്ചനും മറ്റും സന്നിഹിതരായ അൾത്താര. 5 ശെമ്മാശന്മാർ സഭാശുശ്രൂഷയുടെ നിയോഗത്തിലേക്കു കടക്കുകയാണ്. റവ. പി. ടി ജോസഫിനെ കൂടാതെ റവ. കെ.എം. ഡേവിഡ്, റവ. സി. എ കുരുവിള, റവ. എ. പി. ജേക്കബ്, റവ. എൻ. ഐ. മത്തായി എന്നിവരും അന്നു പട്ടത്വമേറ്റു.

ബസിൽ യാത്ര ചെയ്ത സഞ്ചാര സെക്രട്ടറി

കളമ്പാല മുതൽ പമ്പാവാലി വരെ ചെറുതും വലുതുമായ 9 ഇടവകകളുടെ ചുമതലയിലായിരുന്നു ആദ്യ നിയമനം. 1959 സഭയിലെ സംഘർഷ കാലമായിരുന്നു. സുവിശേഷ സംഘത്തിൽ പ്രതിസന്ധി. ഇതിനിടെ ട്രാവലിങ് സെക്രട്ടറിയാകണമെന്നു സമ്മർദം. മെത്രാപ്പൊലീത്തയോടു ചോദിച്ചിട്ടാവാമെന്ന മറുപടി കൊടുത്തു. പിറ്റേന്ന് തിരുവല്ലയിൽ എത്തി ചുമതലയേറ്റു.