മനാമ : യുഎഇയില് ഇന്ത്യക്കാരായ തൊഴിലുടമകള് ഉപേക്ഷിച്ചതിനെ തുടര്ന്ന് മാസങ്ങളോളം പട്ടിണിയിലായ 49 ഇന്ത്യക്കാരെ തിരിച്ചയച്ചു. രണ്ട് കമ്പനികളിലായി ജോലി ചെയ്തിരുന്ന ഇവരെ പാസ്പോര്ട്ടും സെക്യൂരിറ്റി നിക്ഷേപവും തിരികെ ലഭ്യമാക്കിയാണ് നാട്ടിലേക്ക് അയച്ചത്.
ഇന്ത്യക്കാരുടെ ഉടമമസ്ഥതയിലുള്ള മരപ്പണി സ്ഥാപനങ്ങളിലായിരുന്നു ഇവരുടെ ജോലി. എന്നാല്, കൊറോണവൈറസ് പൊട്ടിപുറപ്പെട്ട വേളയില് ഉടമകള് തൊഴിലാളികളെ അറിയിക്കാതെ കമ്പനി പൂട്ടി സ്ഥലം വിടുകയായിരുന്നുവെന്ന് കോണ്സുലേറ്റ് വൃത്തങ്ങള് അറിയിച്ചു. തുടര്ന്ന് തൊഴിലാളികള് പെരുവഴിയിലായി. കഴിഞ്ഞ ആറു മാസമായി ശമ്പളമില്ല. പട്ടിണിയിലായ ഇവര്ക്ക് ദുബായ് കോണ്സുലേറ്റാണ് ഭക്ഷ്യ സാധനങ്ങള് നല്കിയത്.
ജീവിതം പ്രതിസന്ധിയിലായതിനെ തുടര്ന്ന് തൊഴിലാളികള് കഴിഞ്ഞ ജൂലായില് ദുബായിലെ ഇന്ത്യന് കോണ്സുലേറ്റിലെത്തി നാട്ടിലേക്ക് മടങ്ങാന് സഹായം തേടി. കോണ്സുലേറ്റ് തൊഴില് ഉടമകളെ ബന്ധപ്പെടാന് ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടര്ന്ന് ദുബായ് പൊലിസിന്റെയും ദുബായ് കോടതികളിലെ അല് അദീദ് സെന്ററിന്റെയും സഹായത്തോടെ കമ്പനി പിആര്‌ഒയെ ബന്ധപ്പെട്ട് തൊഴിലാളികളുടെ പാസ്പോര്ട്ടും 3000 ദിര്ഹം വീതം വരുന്ന സുരക്ഷ നിക്ഷേപവും തിരികെ വാങ്ങിക്കുകയായിരുന്നുവെന്ന് കോണ്സുലേറ്റ് അറിയിച്ചു. വിവിധ ബാച്ചുകളായാണ് തൊഴിലാളികള് നാട്ടിലേക്ക് മടങ്ങിയത്. അവസാന ബാച്ച് കഴിഞ്ഞ ദിവസം ലകനൗവിലേക്ക് മടങ്ങി.



