നോയിഡ: മദ്യലഹരിയിൽ എ സി ഓൺ ചെയ്ത് കാറിലിരുന്ന് ഉറങ്ങിയയാൾ മരിച്ച നിലയിൽ. ബരോള സ്വദേശിയായ സുന്ദർ പണ്ഡിറ്റ് എന്നയാളെയാണ് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നോയിഡയിലാണ് ഇക്കഴിഞ്ഞ ശനിയാഴ്ച്ചയാണ് സംഭവം.
ബരോള സ്വദേശിയായ സുന്ദർ പണ്ഡിറ്റിന് നോയിഡ സെക്ടറിൽ ഒരു വീടുണ്ട്. എല്ലാ ആഴ്ച്ചയും ഇയാൾ ഇവിടെ എത്താറുണ്ട്. മദ്യപാനിയായ സുന്ദർ പതിവ് പോലെ ശനിയാഴ്ച്ച രാത്രി നോയിഡയിലെത്തി. അമിതമായി മദ്യപിച്ചിരുന്ന ഇയാൾ മദ്യലഹരിയിൽ എസിയിട്ട് കാറിലിരിരുന്ന് ഉറങ്ങി പോയി. വീടിന്റെ ബേസ്‌മെന്റിലായിരുന്നു കാർ പാർക്ക് ചെയ്തിരുന്നത്. രാവിലെ സഹോദരൻ വന്ന കാർ പരിശോധിച്ചപ്പോഴാണ് സുന്ദറിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കാർ സ്റ്റാർട്ട് ചെയ്ത് എസി ഇട്ടിരുന്നതിനാൽ കാർബൺ മോണോക്‌സൈഡ് ശ്വസിച്ചാണ് ഇയാൾ മരിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ സുന്ദറിന്റെ കുടുംബം പരാതി നൽകിയിട്ടില്ലെന്നും മരണത്തിൽ ബന്ധുക്കളാരും സംശയങ്ങൾ ഉന്നയിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു.