കൊച്ചി: ഭാവനയെ താൻ പരിഹസിച്ചിട്ടില്ലെന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു. അമ്മ നിർമ്മിക്കുന്ന പുതിയ സിനിമയിൽ ഭാവന ഉണ്ടാകില്ലെന്ന് പറഞ്ഞതിനെ ഒരു വിഭാഗം തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് ഇടവേള ബാബു പറഞ്ഞു. ഇടവേള ബാബുവിന്റെ പ്രസ്താവനയിൽ പ്രതിഷേധിച്ച് താരസംഘടനയിൽ നിന്നും നടി പാർവ്വതി തിരുവോത്ത് രാജി വെച്ചതിന് പിന്നാലെയാണ് താരത്തിന്റെ വിശദീകരണം.
ഇടവേള ബാബുവിന്റെ പ്രസ്താവനയ്ക്കെതിരെ പാർവ്വതി തിരുവോത്ത് ഉൾപ്പെടെയുള്ളവർ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. അമ്മ സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകൾ ഒരിക്കലും തിരുത്താനാവില്ലെന്ന് പാർവ്വതി വ്യക്തമാക്കി. അറപ്പുളവാക്കുന്ന മനോഭാവമാണ് ഇത് കാണിക്കുന്നതെന്നും പുച്ഛം മാത്രമാണ് ഇടവേള ബാബുവിനോട് ഉള്ളതെന്നും പാർവ്വതി അഭിപ്രായപ്പെട്ടിരുന്നു.



