കോഴിക്കോട്: വിമാനത്താവളങ്ങള്‍ വഴി നടക്കുന്ന സ്വര്‍ണക്കള്ളക്കടത്തിന് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായം ലഭിക്കുന്നതായി വെളിപ്പെടുത്തല്‍. വിവാദമായ ഐസ്‌ക്രീം പാര്‍ലര്‍ കേസ് പുറത്തു കൊണ്ട് വന്ന പോലീസ് ഉദ്യോഗസ്ഥരുടെതാണ് വെളിപ്പെടുത്തല്‍. തിരുവനന്തപുരം സ്വര്‍ണക്കള്ളക്കടത്തു കേസില്‍ ചില കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് മുന്‍ പോലീസ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍.
കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ചു നടന്ന സ്വര്‍ണക്കള്ളക്കടത്തിന്റെയും കോഴിക്കോട് നഗരം കേന്രീകരിച്ചു നടന്ന ഹവാല ഇടപാടിന്റെയും ഭൂമി കച്ചവടത്തിന്റെയും ഒരറ്റം മാത്രമായിരുന്നു ഐസ്‌ക്രീം കേസ്. അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്ന സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ പി. ഹരിദാസനും ഇത് ശരി വയ്ക്കുന്നു. നഗരത്തിലെ ഭൂമിയിടപാടുകള്‍ സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട നിക്ഷേപമാണെന്ന സംശയം അന്നേ ഉയര്‍ന്നിരുന്നു.
കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ നിരന്തരമായി വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ കഴിയില്ലെന്ന വിമര്‍ശനം ശരിവെയ്ക്കുന്നത് കൂടിയാണ് ഈ വെളിപ്പെടുത്തലുകള്‍. മലപ്പുറത്തെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ സഹായികള്‍ ആയി ഇന്നും കരിപ്പൂരില്‍ ചില കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നതായും സൂചനയുണ്ട്.



