സ്‌റ്റോക്ക്‌ഹോം: സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ചു. രണ്ടു പേരാണ് ഇത്തവണ പുരസ്‌കാരം പങ്കിട്ടത്. പോൾ ആർ മിൽഗ്രോമിനും റോബർട്ട് ബി വിൽസണുമാണ് സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരത്തിന് അർഹരായത്. ലേല സിദ്ധാന്തത്തിനും പുതിയ ലേല ഫോർമാറ്റുകളുടെ കണ്ടുപിടിത്തങ്ങൾക്കുമാണ് പുരസ്‌കാരം.
ലേലസിദ്ധാന്തത്തിൽ പരിഷ്‌ക്കരണം കൊണ്ടുവന്നതിനും പുതിയ ലേല ഘട നകൾ കൊണ്ടു വന്നതിനുമാണ് ഇരുവർക്കും പുരസ്‌കാരം നൽകിയതെന്ന് നൊബേൽ നിർണയ സമിതി വ്യക്തമാക്കി. മിൽഗ്രോമിന്റേയും വിൽസണിന്റേയും കണ്ടുപിടിത്തങ്ങൾ ലോകമെമ്പാടുമുള്ള വിൽപ്പനക്കാർക്കും ഉപഭോക്താക്കൾക്കും നികുതിദായകർക്കും പ്രയോജനകരമാണെന്ന് പുരസ്‌കാര നിർണയ സമിതി വിലയിരുത്തി. ഏകദേശം 1.1 ദശ ലക്ഷം ഡോളറാണ് ഇരുവർക്കും സമ്മാനമായി ലഭിക്കുക. നോർവെയിലെ ഓസലോയിൽ ഡിസംബർ 10 ന് ആൽഫ്രെഡ് നൊബേലിന്റ ചരമ വാർഷികത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും.