ഇന്ത്യ-ചൈന ഏഴാം സൈനിക തല ചർച്ച ഇന്ന് നടക്കും. സൈനിക പിന്മാറ്റം സംബന്ധിച്ച നിലപാട് ചൈന ഇനിയും വ്യക്തമാക്കാത്ത സാഹചര്യത്തിൽ ചർച്ചയിൽ നിന്ന് വലിയ അത്ഭുതങ്ങൾ ഒന്നും ഇത്തവണയും പ്രതീക്ഷിക്കാനാകില്ല. പാം ഗോംഗ് അടക്കമുള്ള മേഖലകളിൽ നിന്ന് ബോധ്യപ്പെടുന്ന രീതിയിൽ പിന്മാറ്റം നടത്തിയാൽ മാത്രമേ ഇന്ത്യയും സൈനിക വിന്യാസം കുറയ്ക്കൂ എന്ന നിലപാടാകും ഇന്ത്യ ചർച്ചയിൽ സ്വീകരിക്കുക.
പിന്മാറ്റം സംബന്ധിച്ച കൃത്യമായ നിലപാട് അറിയിക്കാനുള്ള ഇന്ത്യൻ നിർദ്ദേശത്തിൽ ചൈന മൗനം തുടരുകയാണ്. ഇന്നത്തെ ഏഴാം വട്ട സൈനിക തല ചർച്ചയിൽ ഇന്ത്യയ്ക്ക് സമമായി ചൈനയും വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥനെ ആദ്യമായ് ഉൾപ്പെടുത്തി. ലഫ്റ്റനന്റ് ജനറൽമാരായ ഹരീന്ദർ സിംഗ് പി.ജി.കെ മേനോൻ എന്നിവരാകും ചർച്ചയിലെ ഇന്ത്യയുടെ സൈനിക പ്രതിനിധികൾ. ഇന്ത്യയെ പ്രതിനിധീകരിച്ച് ഇത്തവണയും വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി നവീൻ ശ്രീവാസ്തവ പങ്കെടുക്കും. ചുഷൂൽ – മോൾഡോയിൽ വച്ചാണ് ചർച്ച. ഫിംഗർ മേഖലകളിൽ നിന്നുള്ള പിന്മാറ്റം സംബന്ധിച്ച ചൈന ക്യത്യമയ വിവരങ്ങൾ നൽകണമെന്ന് ഇന്ത്യ ആവശ്യപ്പെടും. ഇത് അംഗികരിച്ച് ചൈന വിശദാംശങ്ങൾ നൽകിയാലാകും ചർച്ചകൾ ഫലം കാണുന്ന തലത്തിലേക്ക് നീങ്ങുന്നത്.
പാം ഗോംഗ് അടക്കമുള്ള മേഖലകളിൽ നിന്ന് ബോധ്യപ്പെടുന്ന രീതിയിൽ പിന്മാറ്റം നടത്തണമെന്നാണ് ഇന്ത്യയുടെ ആവശ്യം. അങ്ങനെയെങ്കിൽ ഇന്ത്യയും സൈനിക വിന്യാസം ക്രമേണ കുറയ്ക്കും. പാം ഗോംഗ് ത്സോയുടെ തെക്കേ തീരത്തുള്ള തകുങിൽ അടക്കം ഇന്ത്യ നടത്തിയിട്ടുള്ള വിന്യാസമാണ് ചൈന ചൂണ്ടിക്കാട്ടുന്നത്. ഗുരുങ് ഹിൽ, സ്പാംഗുർ ഗ്യാപ്, മഗർ ഹിൽ, മുഖ്പാരി, റെസാങ് ലാ, റെക്കിൻ ലാ (റെചിൻ മൗണ്ടൻ പാസ്) എന്നീ കുന്നുകളിൽ നിന്ന് തത്ക്കാലം സൈനിക വിന്യാസം ഇന്ത്യ പിൻ വലിയ്ക്കില്ല. ഇന്നത്തെ ഇരു വിഭാഗങ്ങൾ തമ്മിലുള്ള ചർച്ചയും മണിക്കൂറുകൾ നീണ്ടേക്കും.



