ദുബായ്: ദുബായിലെത്തുന്ന യാത്രക്കാര്‍ക്കായി കൂടുതല്‍ നിയന്ത്രണങ്ങള്‍. യാത്രക്കാര്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ െഎ‍ഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പില്‍ (ഐസിഎ) നിന്നും ദുബായ് വീസക്കാര്‍ ദുബായ് എമിഗ്രേഷനില്‍ (ജിഡിആര്‍എഫ്‌എ) നിന്നും അനുമതി വാങ്ങിക്കണമെന്ന നിയമം വീണ്ടും കര്‍ശനമാക്കി. യുഎഇയിലേയ്ക്ക് താമസ വീസക്കാര്‍ക്ക് വരാന്‍ അനുമതി വാങ്ങിക്കണമെന്ന് നേരത്തെയുണ്ടായിരുന്ന നിയമം ഉപേക്ഷിച്ചത് അറിയാതെ എത്തിയ നിരവധി യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയിരുന്നു. ഇവര്‍ക്ക് പിന്നീട് രാജ്യത്തേയ്ക്ക് പ്രവേശനം അനുവദിച്ചു.

ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങിയ 300 യാത്രക്കാരുട‌െ രേഖകള്‍ പരിശോധിച്ച്‌ സഹായം ചെയ്യാന്‍ പ്രത്യേക എമിഗ്രേഷന്‍ സംഘത്തെ നിയോഗിച്ചതായി ഡയറക്ടര്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്സിലെ പ്രത്യേക സംഘം വിമാനത്താവളത്തിലെത്തി യാത്രക്കാരുടെ രേഖകള്‍ പരിശോധിച്ച ശേഷമാണ് പ്രവേശനം അനുവദിച്ചത്. ദുബായ് പൊലീസ്, ആര്‍ടിഎ, എമിഗ്രേഷന്‍ എന്നിവയുടെ സഹകരണത്തോടെ യാത്രക്കാരെ തങ്ങളുടെ വീടുകളിലെത്തിച്ചു.