ന്യൂയോർക്ക് ∙ അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിലുൾപ്പെട്ട ഡാലസ് സെന്റ് ഇഗ്നേഷ്യസ് മലങ്കര യാക്കോബായ സിറിയക്ക് ക്രിസ്ത്യൻ കത്തീഡ്രലിൽ മാർ ഇഗ്നാത്തിയോസ് ബാവായുടെ ഓർമ്മ പെരുന്നാളും 43–ാം മത് വാർഷീകാഘോഷങ്ങളും ഒക്ടോബർ 17, 18 (ശനി, ഞായർ) ദിവസങ്ങളിൽ ഭദ്രാസനാധിപൻ അഭിവന്ദ്യ യൽദൊ മോർ തീത്തോസ് മെത്രാപോലീത്തായുടെ അനുഗ്രഹാശിസ്സുകളോടെ നടത്തപ്പെടുന്നു.
11–ാം തീയതി (ഞായറാഴ്ച) വി. കുർബ്ബാനാനന്തരം വികാരി ഫാ. യൽദൊ പൈലി അസിസ്റ്റന്റ് വികാരി ഫാ. രൻജൻ മാത്യു എന്നിവരുടെ നേതൃത്വത്തിൽ കൊടി ഉയർത്തുന്നതോടെ ഈ വർഷത്തെ പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമാകും. 17–ാം തിയതി (ശനി) വൈകീട്ട് 6.30ന് സന്ധ്യാ പ്രാർഥനയെ തുടർന്ന് അഭിവന്ദ്യ മെത്രാപോലീത്താ തിരുമനസ്സുകൊണ്ട് ഓൺലൈൻ വഴി അനുഗ്രഹ സന്ദേശം നൽകും.
18–ാം തിയതി (ഞായർ) 8.15AM ന് പ്രഭാത പ്രാർഥനയും അതേ തുടർന്ന് വന്ദ്യ വൈദീകരുടെ കാർമ്മികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന അർപ്പണവും നടക്കും. കോവിഡ് 19 ന്റെ പ്രത്യേക പശ്ചാത്തലത്തിൽ പെരുന്നാൾ ആഘോഷങ്ങളിൽ നേരിട്ട് സംബന്ധിക്കുവാൻ ആഗ്രഹിക്കുന്ന ഇടവകാംഗങ്ങൾ മുൻകൂട്ടി പേര് റജിസ്റ്റർ ചെയ്തിരിക്കണമെന്നും, സുരക്ഷാ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിക്കേണ്ടതാണെന്നും, കത്തീഡ്രൽ സെക്രട്ടറി ജോൺസി വർഗീസ് ഇടവകാംഗങ്ങളെ അറിയിച്ചു. നേരിട്ടേ സംബന്ധിക്കുവാൻ സാധിക്കാത്തവർക്കായി ഓൺലൈൻ ക്രമീകരണവും ഒരുക്കിയിട്ടുണ്ട്.
പെരുന്നാൾ ആഘോഷങ്ങളുടെ സുഗമമായ നടത്തിപ്പിനായി വികാരി ഫാ. യൽദൊ പൈലി, അസിസ്റ്റന്റ് വികാരി ഫാ. രൻജൻ മാത്യു, വൈസ് പ്രസിഡന്റ് പോൾ R. ഫീലിപ്പോസ്, സെക്രട്ടറി ജോൺസി വർഗീസ്, ട്രഷറർ ജോസഫ് ജോർജ് എന്നിവരുടെ നേതൃത്വത്തിലുള്ള പള്ളി മാനേജിങ്ങ് കമ്മിറ്റി വേണ്ടതായ ക്രമീകരണങ്ങൾ ഒരുക്കിവരുന്നു.
ഈ വർഷത്തെ പെരുന്നാൾ ഏറ്റെടുത്ത് നടത്തുന്നത് തോമസ് E. അബ്രാഹാം, പോൾ കറുത്തേടത്ത്, ജോർജ് ഞാറ്റുംകാല, അജി വർഗീസ്, ജോസ് സി. വർഗീസ് എന്നിവരും കുടുംബാംഗങ്ങളുമാണ്. ഞായറാഴ്ച 12 മണിയോടെ പെരുന്നാൾ ചടങ്ങുകൾക്ക് സമാപനമാകും.