പോലീസിന്റെ സേവനം എല്ലാവരിലേക്കും എത്തിക്കാൻ സഹായിക്കുന്ന ‘നമ്മളെല്ലാം പോലീസ്’ എന്ന പദ്ധതിയുടെ ഭാഗമായാണ് അബുദാബി കമ്യൂണിറ്റി പോലീസിന്റെ ഭാഗമാവാൻ അവസരം. താല്പര്യമുള്ളവരെ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന് അബുദാബി പോലീസ് അറിയിച്ചു. കോവിഡ് വെല്ലുവിളികൾക്കിടയിലും 1256 പേരെ ഇത്തരത്തിൽ സേവങ്ങളുടെ ഭാഗമാക്കിക്കഴിഞ്ഞു പോലീസ്.
ഓൺലൈനായി നടത്തുന്ന ക്ലാസുകൾ വിജയകരമായി പൂർത്തിയാക്കുന്നവരെയാണ് പോലീസ് സാമൂഹ്യസേവന വിഭാഗത്തിൽ ചുമതലപ്പെടുത്തുകയെന്ന് കമ്യൂണിറ്റി പോലീസ് വിഭാഗം ഡയറക്ടർ കേണൽ ഹമൗദ് സായിദ് അൽ അഫാരി പറഞ്ഞു. ഓൺലൈൻ ക്ലാസുകൾ അറബിക്, ഇംഗ്ലീഷ് ഭാഷകളിൽ ലഭ്യമാക്കും. 1000പേരെ ഒരു വിഭാഗമാക്കി ക്ലാസുകൾ നൽകും. പോലീസും പൊതുജനങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതോടൊപ്പം എല്ലാവരിലേക്കും സുരക്ഷിതബോധമുണ്ടാക്കാനും ഇതിലൂടെ കഴിയും.
ആശയവിനിമയ രീതികളും ഐ.ടി പ്രവർത്തനങ്ങളുമാണ് ഓൺലൈൻ ക്ലാസുകളിലൂടെ വിശദമാക്കുക. 52,537 പേരാണ് ഇതിനകം കമ്യൂണിറ്റി പോലീസിന്റെ ഭാഗമാവാൻ സന്നദ്ധതയറിയിച്ചിരിക്കുന്നത്.