തിരുവനന്തപുരം: കലാഭവൻ മണിയുടെ സഹോദരൻ ആർ എൽ വി രാമകൃഷ്ണന്റെ ആത്മഹത്യാ ശ്രമവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. സാംസ്‌കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സംഭവത്തിൽ അന്വേഷണം നടത്തി രണ്ടാഴ്ച്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം പി മോഹൻ ദാസ് നിർദ്ദേശിച്ചിരിക്കുന്നത്.

കേരള സംഗീത നാടക അക്കാദമി അദ്ധ്യക്ഷയും സെക്രട്ടറിയും റിപ്പോർട്ട് ഹാജരാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ആർഎൽവി രാമകൃഷ്ണന് മോഹിനിയാട്ടത്തിൽ ഡോക്ടറേറ്റ് ഉണ്ടെന്നും ദളിത് വിഭാഗത്തിൽപ്പെട്ട വ്യക്തിയായതു കൊണ്ട് മാത്രമാണ് അദ്ദേഹം അക്കാദമിയുടെ ഓൺലൈൻ ക്ലാസിൽ നിന്നും പിന്തള്ളപ്പെട്ടതെന്നും മനുഷ്യാവകാശ പ്രവർത്തകനായ ഡോ ഗിന്നസ് മാടസ്വാമി മനുഷ്യാവകാശ കമ്മീഷന് മുന്നിൽ പരാതി സമർപ്പിച്ചിരുന്നു. അദ്ദേഹം സമർപ്പിച്ച പരാതിയിൽ കഴമ്പുണ്ടെന്നാണ് കമ്മീഷൻ പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കുന്നത്.

ഇക്കഴിഞ്ഞ ശനിയാഴ്ച്ച വൈകിട്ടാണ് ആർ എൽ വി രാമകൃഷ്ണനെ വീടിനടുത്തുള്ള കലാഗൃഹത്തിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്.

താൻ ആത്മഹത്യ ചെയ്യുന്നതിന്റെ ഉത്തരവാദികൾ ചെയർപേഴ്സൻ കെപിഎസി ലളിതയും സെക്രട്ടറി രാധാകൃഷ്ണൻ നായരുമാണെന്ന് വ്യക്തമാക്കുന്ന രാമകൃഷ്ണന്റെ ആത്മഹത്യാ കുറിപ്പും കെപിഎസി ലളിതയും രാമകൃഷ്ണനും തമ്മിലുള്ള ഫോൺ സംഭാഷണവും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. രാമകൃഷ്ണന്റെ ആരോപണങ്ങൾ പൂർണമായും തള്ളിക്കൊണ്ടുള്ള കെപിഎസി ലളിതയുടെ വാർത്താക്കുറിപ്പ് പച്ചക്കള്ളമാണെന്ന് വ്യക്തമാക്കുന്നതാണ് ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണം.