തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ദൂരയാത്ര ചെയ്യുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത .ഇനിമുതല്‍ യാത്രകള്‍ക്കുള്ള സീറ്റുകള്‍ ബുക്ക് ചെയ്യാനായി മൊബൈലില്‍ ആപ്പ് വരുന്നു .

‘എന്റെ കെ.എസ്.ആര്‍.ടി.സി’ എന്ന മൊബൈല്‍ റിസര്‍വേഷന്‍ ആപ്പ് തയ്യാറായിക്കഴിഞ്ഞു. ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ആപ്പ് പുറത്തിറക്കും.ആന്‍ഡ്രോയ്ഡ്/ഐ.ഒ.എസ് പ്ലാറ്റ്ഫോമുകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന മൊബൈല്‍ റിസര്‍വേഷന്‍ ആപ്പ് ‘എന്റെ കെ.എസ്.ആര്‍.ടി.സി’ (Ente KSRTC) എന്ന പേരില്‍ ലഭിക്കും. ആധുനിക പേയ്മെന്റ് സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് ആപ്ലിക്കേഷന്‍.

ലളിതമായി ഉപയോഗിക്കാന്‍ സാധിക്കുന്ന തരത്തിലാണ് രൂപകല്‍പന. ദിവസേന പതിനായിരത്തിലധികം യാത്രക്കാരാണ് കെ.എസ്.ആര്‍.ടി.സി ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനം ഉപയോഗിച്ച്‌ ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്തിരുന്നത്.

മിക്ക യാത്രക്കാരും മൊബൈല്‍ ഫോണാണ് ബുക്കിംഗിന് ഉപയോഗിച്ചിരുന്നത്. എന്നാല്‍ കെ.എസ്.ആര്‍.ടി.സിക്ക് ഓണ്‍ലൈന്‍ റിസര്‍വേഷനായി സ്വന്തമായി മൊബൈല്‍ ആപ്പ് ഉണ്ടായിരുന്നില്ല. പുതിയ ആപ്പ് യാഥാര്‍ഥ്യമായതോടെ വളരെ വേഗത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനാകും.