കൊല്ലം: കോവിഡ് വ്യാപനം തടയുന്നതിന് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ചടങ്ങുകളിലേക്ക് ആരും വരണ്ട എന്നു പറയുന്ന ദുരവസ്ഥയിലാണ് ചടങ്ങുകള്‍ നടക്കുന്നതെന്നും, ജനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും മന്ത്രി കെ രാജു. പൊടിയാട്ടുവിള സര്‍ക്കാര്‍ എല്‍ പി ആന്റ് പ്രൈമറി സ്‌കൂളില്‍ തന്റെ എം എല്‍ എ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ഓപ്പണ്‍ ആഡിറ്റോറിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ മാനദണ്ഡപ്രകാരം ലളിതമായി സംഘടിപ്പിച്ച ചടങ്ങില്‍ ഏതാനും പേര്‍ മാത്രമാണ് പങ്കെടുത്തത്.
മുന്‍കാലങ്ങളില്‍ ചടങ്ങുകളിലേക്ക് ആളുകളെ ക്ഷണിച്ചു വരുത്തിയിരുന്നു. ഇപ്പോള്‍ നേരെ തിരിച്ചായി. വരരുത്, കൂട്ടമരുത് എന്ന നിലയിലാണ്. നേരത്തെ നിശ്ചയിച്ച ഉദ്ഘാടനം വൈകിയതും കോവിഡ് കാരണമാണെന്നും മന്ത്രി പറഞ്ഞു. ഗ്രാമങ്ങളില്‍ സ്‌കൂളുകളുടെയും റോഡുകളുടെയും മുഖഛായ മാറുകയാണ്. വാളകത്ത് നിന്ന് അഞ്ചലിലേക്കും തടിക്കാട് നിന്നും വെഞ്ചേമ്ബ് വഴി അടുക്കളമൂലയിലേക്കും, മരങ്ങാട്കോണത്ത് നിന്നും തടിക്കാട്ടിലേക്കും നല്ല റോഡുകള്‍ വന്നു. തടിക്കാട് പുതിയ മൃഗാശുപത്രി അനുവദിച്ചു. അടച്ചുപൂട്ടിയ പെരുങ്കള്ളൂര്‍ സ്‌കൂളില്‍ 15 ലക്ഷം രൂപ ചെലവില്‍ കെട്ടിടം പണിത് പ്രവര്‍ത്തനസജ്ജമാക്കി. ഓരോ സ്‌കൂളിലും അടിസ്ഥാന സൗകര്യം മെച്ചമാക്കി. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് രണ്ടാം വര്‍ഷമാണ് പൊതുവിദ്യാഭ്യാസ യജ്ഞം തുടങ്ങിയതെങ്കിലും ചുരുങ്ങിയ കാലയളവിലാണ് സ്‌കൂളുകളില്‍ വികസനം വന്നതെന്നും മന്ത്രി പറഞ്ഞു.
പൊടിയാട്ടുവിളയിലെ ആഡിറ്റോറിയം നാട്ടിലെ സാംസ്‌കാരിക കലാ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടി വിട്ടുനല്‍കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ എല്‍ എസ് എസ് സ്‌കോളര്‍ഷിപ്പ് നേടിയ വിദ്യാര്‍ഥികള്‍ക്ക് മന്ത്രി പുരസ്‌കാരം നല്‍കി.
ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി രവീന്ദ്രനാഥ്, ബ്ലോക്ക് അംഗം സി ശ്രീലക്ഷ്മി, പഞ്ചായത്തംഗം കെ സി ജോസ്, എസ് എം പി ചെയര്‍മാന്‍ ടി പി രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.



