കൊച്ചി: ലൈഫ് മിഷന്‍ കേസ് അന്വേഷിക്കുന്ന സിബിഐ സംഘത്തിന് നി‍ര്‍ണായക രേഖകള്‍ കൈമാറിയതായി വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കര. പിഡബ്ലുഡി തയാറാക്കിയ എസ്റ്റിമേറ്റ് അടക്കമാണ് നല്‍കിയത്. രാഷ്ട്രീയ നേതൃത്വം പങ്കുവച്ച പണം സെയ്ന്‍ വെഞ്ചേഴ്‌സിന്റെതാണെന്നും സിബിഐ അന്വേഷണത്തില്‍ തൃപ്തനാണെന്നും എംഎല്‍എ വ്യക്തമാക്കി.

ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നേതൃത്വത്തിന് കൈമാറിയ സെയ്ന്‍ വെഞ്ചേഴ്സിന്‍്റേതാണെന്നും അനില്‍ അക്കര ആരോപിക്കുന്നു. കേസില്‍ തിരുവനന്തപുരം കരമന ശാഖയിലെ ആക്‌സിസ് ബാങ്ക് ഉദ്യോഗസ്ഥരുടെ മൊഴി സിബിഐ രേഖപ്പെടുത്തി. സിബിഐയുടെ കൊച്ചി ഓഫിസില്‍ വിളിച്ചു വരുത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.

വടക്കാഞ്ചേരി ഫ്ളാറ്റ് നിര്‍മാണം ഏറ്റെടുത്ത യൂണിടാക് സ്വപ്നയ്ക്ക് കമ്മീഷന്‍ കൈമാറിയത് ആക്‌സിസ് ബാങ്ക് ശാഖയിലൂടെയാണ്. യുഎഇ കോണ്‍സുലേറ്റിന് അക്കൗണ്ടുള്ളതും ഈ ശാഖയിലാണ്. മാത്രമല്ല, തിരുവനന്തപുരം സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് അനധികൃതമായി സമ്പാദിച്ച പണം സൂക്ഷിച്ചിരുന്നതും ഈ ബാങ്കിലാണോയെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ ചോദിച്ചറിഞ്ഞു.