ബോളിവുഡില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച നടന്‍ സുശാന്ത് സിങ് രജ്പുത്ത് കൊല്ലപ്പെട്ടതല്ല, ആത്മഹത്യയാണെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ( എയിംസ്) ഡോക്ടര്‍മാ‍രുടെ സംഘം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. സുശാന്ത് സിങ്ങിന്റെ മരണത്തെ കുറിച്ച്‌ അന്വേഷിക്കുന്ന സി ബി ഐ സംഘത്തിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കയിതെന്ന് എന്‍ഡിടിവി റിപ്പോ‍ര്‍ട്ട് ചെയ്യുന്നു. സുശാന്തിനെ വിഷം കൊടുത്തോ ശ്വാസം മുട്ടിച്ചോ കൊലപ്പെടുത്തിയതാണെന്ന ആരോപണങ്ങള്‍ ഡോക്ടര്‍മാരുടെ സംഘം നിഷേധിക്കുന്നു.

സിബി ഐ കേസ് ഏറ്റെടുത്തിതിനെ തുടര്‍ന്നാണ് സുശാന്തിന്റെ മരണത്തെ കുറിച്ച്‌ എയിംസിലെ ഡോക്ടര്‍മാരുടെ സംഘം പരിശോധന നടത്തിയത്. അവര്‍ സി ബിഐ ക്ക് നല്‍കിയ സമഗ്രമായ മെഡിക്കോ ലീഗല്‍ റിപ്പോ‍ര്‍ട്ടിലാണ് മരണകാരണത്തെ കുറിച്ച്‌ പറയുന്നത്. ഇതേ തുടര്‍ന്ന് കേസ് അന്വേഷണം ഇനി ആത്മഹത്യാ പ്രേരണക്കുറ്റത്തെ കുറിച്ച്‌ മാത്രമായിരിക്കുമെന്നാണ് സൂചന.

നിലവില്‍ ഉള്ളതിനേക്കാള്‍ മരണകാരണം കൊലപാതകണാണെന്ന് തെളിയിക്കാന്‍ കഴിയുന്ന പുതിയ ഏതെങ്കിലും തെളിവ് ലഭിച്ചാല്‍ അതും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തുമെന്നും സി ബി ഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. നിലവില്‍ കൊലപാതകം ആണെന്നുള്ള സുചനകളോ തെളിവുകളോ ഇല്ല. മരണകാരണം പ്രേരണാകുറ്റവും മറ്റുമായിരിക്കും എഫ് ഐ ആ‍ര്‍ പ്രകാരം അന്വേഷിക്കുകയെന്നും അവര്‍ പറയുന്നു.

ജൂണ്‍ 14 നാണ് മുംബൈയിലെ വസതിയില്‍ 34 കാരനായ നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇത് ആത്മഹത്യയാണ് എന്ന റിപ്പോ‍ര്‍ട്ട് വന്നിരുന്നുവെങ്കിലും നടി കങ്കണ റണാവത്ത് ബോളിവുഡിനെതിരെയും മുംബൈക്ക് എതിരെയും ഈ മരണത്തെ മുന്‍നിര്‍ത്തി ആരോപണങ്ങള്‍ ഉന്നയിച്ച്‌ എത്തി. സുശാന്തിന്റെ കുടുംബാംഗങ്ങളും മരണത്തില്‍ സംശയം പ്രകടിപ്പിച്ചു. തുടര്‍ന്ന് വലിയ വിവാദങ്ങള്‍ക്ക് വഴി തുറന്നു. ഈ കേസില്‍ കുടുംബാഗംങ്ങളുടെ ആവശ്യപ്രകാരം കോടതി കേസ് സി ബി ഐക്ക് കൈമാറുകയായിരുന്നു.

ഏറെ വിവാദങ്ങള്‍ക്കും മാധ്യമ വിചാരണകള്‍ക്കും വഴിവെച്ചൊരു മരണമായിരുന്നു നടന്‍ സുശാന്തിന്റേത്. സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയ അദ്ദേഹത്തിന്റെ മുംബൈയിലെ ബാന്ദ്രയിലുള്ള ഫ്ലാറ്റിലാണ്. അദ്ദേഹത്തിന്റെ മരണം ആത്മഹത്യ ആയിരുന്നില്ല മറിച്ച്‌ അതൊരു കൊലപാതകമായിരുന്നു എന്ന ആരോപണവുമായി സുശാന്തിന്റെ പിതാവ് രംഗത്ത് എത്തിയിരുന്നു. സുശാന്തിനെ കാമുകി റിയ ചക്രവര്‍ത്തി വിഷം നല്‍കി കൊലപ്പെടുത്തിയെന്നായിരുന്നു സുശാന്തിന്റെ പിതാവ് കെ.കെ. സിങ് ആരോപിച്ചത്.

തനിക്ക് കിട്ടിയ ഫോട്ടോകളില്‍ നിന്ന് സുശാന്തിന്റെത് കഴുത്തിനു ഞെക്കിപ്പിടിച്ചുള്ള കൊലപാതകമാണെന്ന് 200% ഉറപ്പാണെന്ന് പരിശോധന സംഘത്തിലെ ഡോക്ടര്‍ പറഞ്ഞിരുന്നുവെന്ന് സുശാന്തിന്റെ കുടുംബ അഭിഭാഷകന്‍ വികാസ് സിങ് നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാല്‍ അന്വേഷണങ്ങള്‍ പക്ഷപാതപരമായും ഇടപെടലുകളില്ലാതെയും നടക്കണമെങ്കില്‍ പുതിയ മെ‍‍ഡിക്കല്‍ ബോര്‍ഡിനെ സിബിഐ നിയമിക്കണമെന്ന് റിയയുടെ അഭിഭാഷകന്‍ ഇതിനോട് പ്രതികരിച്ചിരുന്നു.