തിരുവനന്തപുരം: കൊറോണ വ്യാപന പശ്ചാത്തലത്തില്‍ കൂട്ടംകൂടല്‍ നിരോധിച്ച ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ ആശയക്കുഴപ്പം. രോഗവ്യാപനം രൂക്ഷമായ സ്ഥലങ്ങളില്‍ മാത്രമാണോ, അതോ സംസ്ഥാനത്ത് ഉടനീളം ഉത്തരവ് ബാധകമാണോ എന്ന കാര്യത്തിലാണ് ആശയക്കുഴപ്പം നിലനില്‍ക്കുന്നത്.
ഓരോ പ്രദേശത്തെയും സാഹചര്യം കണക്കിലെടുത്ത് കളക്ടര്‍മാര്‍ക്ക് 144 അനുസരിച്ച് ഇക്കാര്യത്തില്‍ നടപടി എടുക്കാമെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ സംസ്ഥാനത്തെ പൊതു ഗതാഗതവും , സര്‍ക്കാര്‍ ഓഫീസുകളും പഴയ നിലയിലേക്ക് മടങ്ങിയ സാഹചര്യത്തില്‍ കൂട്ടംകൂടരുതെന്ന ഉത്തരവ് പ്രയോഗികമാണോ എന്ന ചോദ്യമാണ് ഉയരുന്നത്.
ശാരീരിക അകലം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ 144 പ്രഖ്യാപിക്കാനാണ് കളക്ടര്‍മാരോട് സര്‍ക്കാര്‍ നിര്‍ദേശിച്ചത്. എന്നാല്‍ ഇത് നിയമപരമല്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കളക്ടര്‍ക്ക് യുക്തമായ സാഹചര്യത്തില്‍ 144 പ്രഖ്യാപിക്കാന്‍ നേരത്തെ തന്നെ അധികാരമുണ്ട്. ഈ പശ്ചാത്തലത്തില്‍ സര്‍ക്കാരും ചീഫ് സെക്രട്ടറിയും ഇത്തരം ഒരു ഉത്തരവ് പുറപ്പെടുവിച്ചത് ശരിയായില്ലെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ 144 പ്രഖ്യാപിച്ചത്. കൊറോണ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഒരു മാസത്തേക്ക് സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഒരുസമയം അഞ്ചുപേരില്‍ കൂടുതല്‍ ഒന്നിച്ച് നില്‍ക്കാന്‍ പാടില്ലെന്നാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം. അതേസമയം വിവാഹ, മരണ ചടങ്ങുകള്‍ക്ക് നിലവിലുള്ള ഇളവ് തുടരും.