അൺലോക്ക് 5ൻ്റെ ഭാഗമായി രാജ്യത്തെ തീയറ്ററുകൾ തുറന്നാൽ ആദ്യം പ്രദർശനത്തിന് എത്തുക തൻ്റെ സിനിമയാവുമെന്ന് സംവിധായകൻ രാം ഗോപാൽ വർമ്മ. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ സംവിധായകൻ തന്നെയാണ് വിവരം അറിയിച്ചത്. ഇക്കഴിഞ്ഞ മെയ് മാസത്തിൽ കൊവിഡിനെപ്പറ്റി താൻ സിനിമ ചെയ്യുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിൻ്റെ ട്രെയിലറും പുറത്തുവിട്ടു. ഇതിനു പിന്നാലെയാണ് പുതിയ വെളിപ്പെടുത്തൽ.
‘ഒടുവിൽ ഒക്ടോബർ 15ന് തീയറ്ററുകൾ തുറക്കുകയാണ്. ലോക്ക്ഡൗണിനു ശേഷം റിലീസാവുന്ന ആദ്യ സിനിമ കൊറോണവൈറസ് ആയിരിക്കുമെന്ന് സന്തോഷപൂർവം അറിയിക്കുന്നു.’- ചിത്രത്തിൻ്റെ പോസ്റ്റർ പങ്കുവച്ച് രാം ഗോപാൽ വർമ്മ കുറിച്ചു. ത്രില്ലർ മോഡിലുള്ള സിനിമയാണ് കൊറോണ വൈറസ്.
തൻ്റെ ബയോപിക്ക് ആണ് അവസാനമായി അദ്ദേഹം അവസാനമായി പ്രഖ്യാപിച്ചത്. രാം ഗോപാൽ വർമ്മ തന്നെയാണ് ചിത്രത്തിൻ്റെ തിരക്കഥ. 2 മണിക്കൂർ വീതമുള്ള മൂന്ന് ഭാഗങ്ങളായി പുറത്തിറങ്ങുന്ന ചിത്രം നവാഗതനായ ദൊരസൈ തേജയാണ് സംവിധാനം ചെയ്യുന്നത്. ബൊമ്മകു ക്രിയേഷൻസിൻറെ ബാനറിൽ ബൊമ്മക്കു മുരളിയാണ് ചിത്രം നിർമ്മിക്കുക. സെപ്തംബറിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ഓരോ ഭാഗവും അദ്ദേഹത്തിൻ്റെ ഓരോ കാലഘട്ടങ്ങളാണ് സംസാരിക്കുക. ആദ്യ ഭാഗത്തിൽ 20കാരനായാണ് തുടക്കം. അതിൽ പുതുമുഖ നടൻ വേഷമിടും. അവസാന ഭാഗത്തിൽ താൻ തന്നെ കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് അദ്ദേഹം പറയുന്നു.