ന്യൂഡൽഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ജന്മദിനാശംസകൾ നേർന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ജന്മദിനാശംസകൾ. അദ്ദേഹത്തിന് ആയൂരാരോഗ്യ സൗഖ്യം നേരുന്നു. വ്‌ളാഡിമിർ പുടിൻ ട്വിറ്ററിൽ കുറിച്ചു.

രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ 75 -ാം ജന്മദിനമാണ് ഇന്ന്. 1945 ൽ ഉത്തർപ്രദേശിലെ കാൻപൂരിലെ പരോംങ്ക് ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. 2017 ജൂലൈ 25 നാണ് ഇന്ത്യയുടെ 14-ാമത് രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് അവരോധിക്കപ്പെട്ടത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഉൾപ്പെടെയുള്ളവർ അദ്ദേഹത്തിന് ജന്മദിനാശംസകൾ അറിയിച്ചിരുന്നു. അദ്ദേഹത്തിന്റെ വിശാലമായ ഉൾക്കാഴ്ച്ചയും നയപരമായ കാര്യങ്ങളിൽ ഉള്ള തികഞ്ഞ ബോധ്യവും നാടിന് വലിയ മുതൽക്കൂട്ടാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. അദ്ദേഹത്തിന് ദീർഘായുസ്സും ആരോഗ്യവും നൽകാൻ ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ബുദ്ധിവൈഭവവും പ്രവർത്തന പരിചയവും രാജ്യത്തിന് കരുത്തു നൽകുകയാണെന്ന് അമിത് ഷാ വ്യക്തമാക്കി.