വിവാദങ്ങൾക്കൊടുവിൽ സിനിമയിൽ പ്രതിഫലം കുറയ്ക്കാൻ തയാറായി ടോവിനോ തോമസും ജോജു ജോർജും. തീരുമാനം നിർമാതാക്കളുടെ സംഘടനയെ അറിയിച്ചു. അതേ സമയം, അനുമതി ലഭിച്ചാലും സംസ്ഥാനത്തെ തിയേറ്ററുകൾ തുറക്കില്ലെന്ന് കേരള ഫിലിം ചേംബറും ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തീരുമാനിച്ചു. വിനോദ നികുതി ഒഴിവാക്കുക, ജിഎസ്ടി ഇളവ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളിൽ നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് തീരുമാനം.

കൊവിഡ് പശ്ചാത്തലത്തിൽ സിനിമ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ താര സംഘടനയായ അമ്മയെ അറിയിച്ചത്. ഇതിന് പിന്നാലെ പ്രതിഫലം കുറയ്ക്കാൻ ജോജുവും ടോവിനോയും തയാറായില്ലെന്നും ഇരുവരുടെയും സിനിമകൾക്ക് വിലക്കേർപ്പെടുത്തി എന്നും വാർത്തകൾ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് നിർമാതാക്കളുടെ സംഘടന താരങ്ങളുമായി ചർച്ച നടത്തിയത്. സിനിമയിൽ പ്രതിഫലം കുറയ്ക്കാൻ ജോജു തയാറായെന്നും ടോവിനോ തോമസ് പ്രതിഫലം വാങ്ങുന്നില്ലെന്ന് അറിയിച്ചതായും നിർമാതാക്കൾ പറഞ്ഞു.

50 ലക്ഷം രൂപയിൽ നിന്ന് 30 ലക്ഷമാക്കിയാണ് ജോജു പ്രതിഫലം കുറച്ചത്. സിനിമ വിജയിച്ചാൽ മാത്രം നിർമാതാവ് നൽകുന്ന ഷെയർ സ്വീകരിക്കാനാണ് ടോവിനോയുടെ തീരുമാനം. താരങ്ങൾക്ക് വിലക്കെർപ്പെടുത്തി എന്ന തരത്തിൽ വന്ന വാർത്തകൾക്ക് ക്ഷമ ചോദിച്ചതായും പ്രൊഡ്യൂസർ അസോസിയേഷൻ വ്യക്തമാക്കി.

എന്നാൽ, അനുമതി ലഭിച്ചാലും സംസ്ഥാനത്തെ തിയേറ്ററുകൾ തുറക്കില്ലെന്ന് കേരള ഫിലിം ചേംബറും ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും അറിയിച്ചു.