മലപ്പുറം: ഗര്‍ഭിണിക്ക് ചികിത്സ ലഭിക്കാന്‍ വൈകിയതിനാല്‍ ഇരട്ടകുട്ടികള്‍ മരിച്ച സംഭവത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളേജിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് പ്രഥമിക അന്വേഷണ റിപ്പോര്‍ട്ട്. ജീവനക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ബന്ധുക്കള്‍ ആവശ്യപ്പെട്ടതുകൊണ്ടാണ് ഡിസ്ചാര്‍ജ് ചെയ്തതെന്നും യുവതിക്കോ കുട്ടികള്‍ക്കോ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവം വിവാദമായതിനെ തുടര്‍ന്ന് മലപ്പുറം ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനും പ്രിന്‍സിപ്പാളിനും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇവര്‍ നല്‍കിയ റിപ്പോര്‍ട്ട് ഇന്നലെ കളക്ടര്‍ ആരോഗ്യമന്ത്രിക്ക് കൈമാറുകയും ചെയ്തു.

ഈ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച്‌ മന്ത്രി നടത്തിയ പ്രസ്താവനക്കെതിരെ കുട്ടികളുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. പ്രതികളെ കുടുംബത്തിന്റെ ഭാഗം കേള്‍ക്കാന്‍ തയാറായില്ലെന്നാണ് ഇവരുടെ പരാതി. ഒന്നാം പ്രതിയായ മെഡിക്കല്‍ സൂപ്രണ്ട് തയാറാക്കിയ റിപ്പോര്‍ട്ടില്‍ വിശ്വാസമില്ലെന്നും ആരോഗ്യ മന്ത്രി റിപ്പോര്‍ട്ട് വായിച്ചത് തങ്ങളുടെ ഭാഗം പറയാതെയെന്നും കുടുംബം ആരോപിക്കുന്നു.

ഈ റിപ്പോര്‍ട്ടിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മനുഷ്യാവകാശകമ്മീഷനെ സമീപിക്കുമെന്നും കുഞ്ഞുങ്ങളുടെ അച്ഛന്‍ ഷെരീഫ് വ്യക്തമാക്കി. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് കൊണ്ടോട്ടി കീഴ്‌ശേരി സ്വദേശിനിയായ ഇരുപതുകാരിയെ പ്രവേശിപ്പിക്കുന്നത്. ആന്റിജന്‍ പരിശോധനയില്‍ കൊറോണ നെഗറ്റീവായിരുന്നു അവര്‍. പ്രസവവേദനയോടെ ആശുപത്രിയിലേക്ക് വന്നിട്ടും രാവിലെ പതിനൊന്നേമുക്കാലായിട്ടും അവര്‍ക്ക് ചികിത്സ ലഭിച്ചില്ല. പിന്നീട് മൂന്ന് ആശുപത്രികളിലെത്തിച്ചെങ്കിലും ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്താത്തതിനാല്‍ കൊവിഡ് പോസിറ്റീവാണോ എന്ന സംശയം മൂലം ഇവരെല്ലാം ചികിത്സ നിഷേധിച്ചു. ഒടുവില്‍ വൈകിട്ട് ആറ് മണിയോടെയാണ് ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപ്പോഴേക്കും രണ്ട് കുഞ്ഞുങ്ങളും മരിച്ചിരുന്നു.