ദുബായ്: വിരാട് കോഹ്‌ലിയുടെ നേട്ടങ്ങളുടെ പട്ടികയിലേക്ക് മറ്റൊന്നു കൂടി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ക്യാപ്റ്റനനെന്ന നിലയില്‍ 150 ടി20 മത്സങ്ങള്‍ കളിക്കുന്ന മൂന്നാമത്തെ ഇന്ത്യക്കാരനെന്ന നേട്ടമാണ് ഇപ്പോള്‍ കോഹ്‌ലിയെ തേടി എത്തിയിരിക്കുന്നത്. ലോക ക്രിക്കറ്റില്‍ ഈ നേട്ടത്തിലെത്തുന്ന നാലാമത്തെ താരമാണ് കോഹ്ലി. മുന്‍ ഇന്ത്യന്‍ നായകനും നിലവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റനുമായ മഹേന്ദ്ര സിങ് ധോനി, മുന്‍ ഇന്ത്യന്‍ താരവും മുന്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് നായകനുമായിരുന്ന ഗൗതം ഗംഭീര്‍ എന്നിവരാണ് കോഹ്‌ലിക്ക് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയ മറ്റ് ഇന്ത്യന്‍ താരങ്ങള്‍.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിരവധി റെക്കോര്‍ഡുകളുടെ തോഴനാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. അപൂര്‍വ നാഴികക്കല്ലുകള്‍ പലതും താരം പിന്നിട്ടു കഴിഞ്ഞു. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ നായകനാണ് കോഹ്‌ലി. മൂന്ന് കളികളില്‍ നിന്ന് രണ്ട് വിജയവുമായി അവര്‍ മുന്നേറുകയാണ്.