ന്യൂഡല്‍ഹി: പാര്‍ലമെന്റ് ഏകപക്ഷീയമായി പാസാക്കി രാഷ്ട്രപതി ഒപ്പുവെച്ച വിവാദ കാര്‍ഷിക നിയമപരിഷ്കരണം മറികടക്കാന്‍ ബദല്‍ നിയമ നിര്‍മാണത്തിന് ശ്രമിക്കാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ നിര്‍ദേശം.
രാഷ്ട്രപതി ഒപ്പുവെച്ചതോടെ വിവാദമായ മൂന്നു കാര്‍ഷിക ബില്ലുകളും പ്രാബല്യത്തില്‍ വന്നുകഴിഞ്ഞു. എന്നാല്‍, കൃഷി സംസ്ഥാനങ്ങളുടെ അധികാരപരിധിയില്‍ വരുന്ന വിഷയമാണെന്നിരിക്കേ, പ്രാദേശിക സാഹചര്യങ്ങള്‍ക്ക് അനുസൃതമായി നിയമനിര്‍മാണം നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അവകാശമുണ്ട്. ഭരണഘടനയുടെ 254(2) വകുപ്പ് നല്കുന്ന അവകാശം പ്രയോജനപ്പെടുത്തി നിയമസഭയില്‍ ബദല്‍ നിയമനിര്‍മാണം നടത്തണമെന്നാണ് കോണ്‍ഗ്രസ് നല്കുന്ന നിര്‍ദേശം.
എന്നാല്‍, സംസ്ഥാന നിയമനിര്‍മാണം നടപ്പാക്കാന്‍ കഴിഞ്ഞുവെന്ന് വരില്ല. നിയമസഭ പാസാക്കുന്ന ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം കിട്ടണം. പാര്‍ലമെന്റ് പാസാക്കിയ കേന്ദ്രനിയമത്തിനെതിരായ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം കിട്ടാനിടയില്ല. സംസ്ഥാനത്തുനിന്നുള്ള ബില്ലുകള്‍ പാസാക്കാതെ തിരിച്ചയച്ച മുന്‍കാല സംഭവങ്ങളും നിരവധി. എന്നാല്‍, ഈ പോരാട്ടത്തിലൂടെ, ബില്ലിനെതിരായ കര്‍ഷക രോഷത്തിനൊപ്പം കോണ്‍ഗ്രസ് നില്‍ക്കുന്നുവെന്ന് ബോധ്യപ്പെടുത്തുക എന്ന രാഷ്ട്രീയ തന്ത്രം കൂടിയാണ് പാര്‍ട്ടി പുറത്തെടുക്കുന്നത്.
കര്‍ഷകരോഷം ഏറ്റവും കൂടുതല്‍ ആളുന്ന പഞ്ചാബ് ഭരിക്കുന്നത് കോണ്‍ഗ്രസാണ്. രാജസ്ഥാന് അടക്കം കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലും നിയമനിര്‍മാണം എളുപ്പമാണ്. അതിനോടുള്ള കേന്ദ്ര നിലപാട് തുറന്നു കാട്ടാനും നിയമനിര്‍മാണവും തുടര്‍ന്നുള്ള നടപടികളും സഹായിക്കും.
കര്‍ഷക പ്രതിഷേധം മുന്നില്‍നിന്നു നയിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. തിങ്കളാഴ്ച ദേശവ്യാപക പ്രതിഷേധം സംഘടിപ്പിച്ചതിനു പിന്നാലെ പ്രധാന സമരവേദിയായ പഞ്ചാബ് സന്ദര്‍ശിക്കാനുള്ള പുറപ്പാടിലാണ് പാര്‍ട്ടി നേതാവ് രാഹുല്‍ ഗാന്ധി. കര്‍ഷക സമരങ്ങളില്‍ രാഹുല്‍ പങ്കെടുക്കും. ഹരിയാനയിലേക്കു പോകാനും ഉദ്ദേശ്യമുണ്ട്. അവിടത്തെ ബി.ജെ.പി സര്‍ക്കാര്‍ രാഹുലിെന്റ സമരം തടയാനാണ് സാധ്യത. അങ്ങനെ സംഭവിച്ചാലും നേട്ടം കോണ്‍ഗ്രസിനാണ്.
രാഷ്ട്രപതി കാര്‍ഷിക ബില്ലുകള്‍ ഒപ്പുവെച്ചതിനു പിന്നാലെ കോണ്‍ഗ്രസിലെ ടി.എന്‍. പ്രതാപന് എം.പി സുപ്രീംകോടതിയില്‍ ഹരജി നല്കിട്ടുണ്ട്.



