മുംബൈ : ബോളിവുഡിലെ മയക്കുമരുന്ന് ഇടപാടിനെക്കുറിച്ച്‌ അന്വേഷിക്കുന്ന നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) പിടിച്ചെടുത്ത നടിമാരുടെ മൊബൈല്‍ ഫോണുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കും. ലഹരിച്ചാറ്റ് നടത്തിയതുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണങ്ങള്‍ക്കാണ് നടിമാരായ ദീപിക പദുകോണ്‍, സാറ അലി ഖാന്‍, ശ്രദ്ധ കപൂര്‍ എന്നിവരുടെ ഫോണുകള്‍ പരിശോധിക്കുന്നത്.

കഴിഞ്ഞ ദിവസം മുംബൈയിലെ എന്‍.സി.ബി. ആസ്ഥാനത്തുവെച്ച്‌ ചോദ്യം ചെയ്യുന്നതിനിടെയാണ് നടിമാരുടെ മൊബൈല്‍ ഫോണുകള്‍ കസ്റ്റഡിയിലെടുത്തത്. നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടാണ് ബോളിവുഡിലെ മയക്കുമരുന്നുപയോഗത്തെക്കുറിച്ചുള്ള അന്വേഷണം തുടങ്ങിയത്. വാട്‌സാപ്പില്‍ ഇവര്‍ മയക്കുമരുന്നുകളെപ്പറ്റി ചര്‍ച്ചനടത്തിയെന്ന വിവരത്തെക്കുറിച്ച്‌ കൂടുതല്‍ അന്വേഷിക്കുന്നതിനായാണ് ഫോണ്‍ പിടിച്ചെടുത്തത്. വാട്‌സാപ്പ് ചാറ്റ് നടത്തിയ കാര്യം സമ്മതിച്ച ദീപികയും ശ്രദ്ധയും മയക്കുമരുന്ന് ഉപയോഗിച്ചെന്ന ആരോപണം നിഷേധിച്ചു. സിഗരറ്റിനെക്കുറിച്ചായിരുന്നു ചര്‍ച്ചയെന്നാണ് രാകുല്‍ പ്രീത് സിങ് പറഞ്ഞത്.

ബോളിവുഡിലെ പ്രമുഖരിലേക്ക് അന്വേഷണം എത്തിയിരിക്കെ, എന്‍സിബി ഡയക്ടര്‍ രാകേഷ് അസ്താന ഡല്‍‍ഹിയില്‍ നിന്നു മുംബൈയില്‍ എത്തിയിട്ടുണ്ട്. മുംബൈയിലെ അന്വേഷണോദ്യോഗസ്ഥരുമായി അദ്ദേഹം ചര്‍ച്ചനടത്തി. സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറിന്റെ ഉടമസ്ഥതയിലുള്ള ധര്‍മ പ്രൊഡക്‌ഷന്‍സിലെ മുന്‍ ജീവനക്കാരന്‍ ക്ഷിതിജ് രവി പ്രസാദിനെ അടുത്ത മാസം 3 വരെ കോടതി എന്‍സിബി കസ്റ്റഡിയില്‍ വിട്ടു. മയക്കുമരുന്ന് ഇടപാടിനെക്കുറിച്ച്‌ അന്വേഷിക്കുന്ന എന്‍.സി.ബി. ഇതിനകം 18 പേരെ അറസ്റ്റുചെയ്തതായി എന്‍.സി.ബി. സൗത്ത് വെസ്റ്റേണ്‍ മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ എം.എ. ജയിന്‍ അറിയിച്ചു.