ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് 143 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്‌സ് നാല് വിക്കറ്റ് നഷ്ടത്തിൽ 142 റൺസെടുത്തു. 38 പന്തുകളിൽ നിന്നും 51 റൺസെടുത്ത മനീഷ് പാണ്ഡെയാണ് സൺറൈസേഴ്‌സിന്റെ ടോപ് സ്‌കോറർ.

ആദ്യം ബാറ്റിംഗിനിറങ്ങിയ സൺറൈസേഴ്‌സിന് വേണ്ടി ഓപ്പണർമാരായ ഡേവിഡ് വാർണറും ജോണി
ബെയർസ്‌റ്റോയും മികച്ച സ്‌കോർ നേടുമെന്ന് കരുതിയെങ്കിലും പാറ്റ് കമ്മിൻസ് അത് പൊളിച്ചു. തുടർന്ന് ക്രീസിലെത്തിയ മനീഷ് പാണ്ഡെ വാർണറുമായി ചേർന്ന് പതിയെ ഇന്നിങ്‌സ് കരകയറ്റാൻ ശ്രമിച്ചു. എന്നാൽ മികച്ച രീതിയിൽ ബാറ്റുചെയ്തുകൊണ്ടിരുന്ന വാർണറെ മടക്കി വരുൺ ചക്രവർത്തി കളി കൊൽക്കത്തയ്ക്ക് അനുകൂലമാക്കി. 30 പന്തുകളിൽ നിന്നും 36 റൺസാണ് വാർണർ നേടിയത്. മനീഷ് പാണ്ഡെ 38 പന്തുകളിൽ നിന്ന് 51 റൺസ് നേടി. 31 പന്തുകൾ നേരിട്ട വൃദ്ധിമാൻ സാഹക്ക് 30 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. വിക്കറ്റുകൾ കയ്യിലുണ്ടായിട്ടും സ്‌കോർ നിരക്കുയർത്താനാകാതെ ഹൈദരാബാദ് ബാറ്റിംഗ് നിര ശരിക്കും കുഴങ്ങി. നാലോവറിൽ 19 റൺസ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുത്ത പാറ്റ് കമ്മിൻസ് ആണ് കളിയിലെ ഹീറോ.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ ടോസ് നേടിയ സൺറൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റൻ ഡേവിഡ് വാർണർ ബാറ്റിംഗ് തെരെഞ്ഞെടുക്കുകയായിരുന്നു. ഈ സീസണിൽ ഇതാദ്യമായാണ് ടോസ് ജയിക്കുന്ന ക്യാപ്റ്റൻ ബാറ്റിംഗ് തെരെഞ്ഞെടുക്കുന്നത്