ന്യൂഡൽഹി: യെസ് ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് ബാങ്ക് സ്ഥാപകൻ റാണാ കപൂറിന്റെ ലണ്ടനിലെ 127 കോടി രൂപ വിപണി മൂല്യമുള്ള ഫ്ലാറ്റ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഫ്ലാറ്റ് വിൽക്കാൻ ശ്രമം നടക്കുന്നതിനിടെയാണ് നടപടി. 77 സൗത്ത് ഓഡ്ലി സ്ട്രീറ്റിലെ അപ്പാർട്ട്മെന്റാണ് കണ്ടുകെട്ടിയതെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.
2017 ൽ 93 കോടി രൂപയ്ക്ക് റാണാ കപൂർ സ്വന്തമാക്കിയതാണ് ഫ്ലാറ്റ്. ഇത് വിൽക്കാൻ ശ്രമം നടക്കുന്നതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് വിവരം ലഭിച്ചിരുന്നു. അന്വേഷണത്തിൽ നിരവധി വെബ്സൈറ്റുകളിൽ ഫ്ലാറ്റ് വിൽപനയ്ക്കായി ലിസ്റ്റ് ചെയ്തതായും കണ്ടെത്തി. തുടർന്നാണ് നടപടി. നേരത്തെ യുഎസ്, ദുബായ് , ആസ്ട്രേലിയ എന്നിവിടങ്ങളിലുള്ള വസ്തുവകകളും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. ഇതോടെ മാെത്തം 2011 കോടി രൂപ മൂല്യമുള്ള സ്വത്തുക്കൾ കേസുമായി ബന്ധപ്പെട്ട് കണ്ടുകെട്ടിയിട്ടുണ്ട്.
മാനദണ്ഡങ്ങൾ പാലിക്കാതെ ചില കമ്പനികളുടെ പേരിൽ വായ്പ അനുവദിച്ച് ആ തുക
കുടുംബത്തിനും സ്വന്തം നിലയിലും സാമ്പത്തിക ലാഭമുണ്ടാക്കാൻ വകമാറ്റിയെന്നാണ് കേസ്. മാർച്ചിൽ റാണാ കപൂറിനെതിരെ സിബിഐ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചത്.
2018 ഏപ്രിൽ ജൂൺ മാസങ്ങളിലായി ഡിഎച്ച്എഫ്എൽ കമ്പനിയിൽ 3700 കോടി രൂപ യെസ് ബാങ്ക് നിക്ഷേപിച്ചതായി സിബിഐ എഫ്ഐആറിൽ പറയുന്നു. ഇതിന് പിന്നാലെ റാണാ കപൂറിന്റെ ഭാര്യയുടെയും മക്കളുടെയും പേരിലുള്ള കമ്പനിയിലേക്ക് 600 കോടി രൂപ ഡിഎച്ച്എഫ്എൽ നിക്ഷേപിച്ചു. ഇത് കൂടാതെ ഡിഎച്ച്എഫ്എൽ കമ്പനിയുമായി ബന്ധമുള്ള കപിൽ വധാവന്റെ ആർകെഡബ്ല്യൂ ഡെവലപ്പേഴ്സിന് 750 കോടി രൂപയും വായ്പയായി നൽകി. ഈ തുകയിലും റാണാ കപൂറിനും കുടുംബത്തിനും സാമ്പത്തിക നേട്ടം ഉണ്ടായതായാണ് അന്വേഷണ ഏജൻസികളുടെ നിഗമനം.



