ന്യൂഡല്‍ഹി : സിബിഎസ്ഇ 12-ാം ക്ലാസ് കംപാര്ട്ട്മെന്റല് പരീക്ഷാ ഫലം ഒക്ടോബര്‍ പത്തിനോടടുത്ത് പ്രസിദ്ധീകരിക്കും . സുപ്രീംകോടതിയില്‍ ജസ്റ്റീസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിനെ അറിയിച്ചതാണ് ഇക്കാര്യം . സര്‍വകലാശാല പ്രവേശന നടപടികള്‍ ഒക്ടോബര്‍ 31 വരെ തുടരുമെന്നു യുജിസിയും അറിയിച്ചിട്ടുണ്ട് .
സര്‍വകലാശാല പ്രവേശനത്തിനു കംപാര്ട്ട്മെന്റല് പരീക്ഷയെഴുതുന്നവര്‍ക്കും അവസരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയിലാണ് സിബിഎസ്ഇയും യുജിസിയും നിലപാട് വ്യക്തമാക്കിയത് . 12-ാം ക്ലാസ് പരീക്ഷയില്‍ ഒരു വിഷയത്തിനു തോറ്റവര്‍ക്കും ഫലം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായാണ് കംപാര്ട്ട്മെന്റല് പരീക്ഷ നടത്തുന്നത്. സെപ്റ്റംബര്‍ 30നാണ് ഒരു കംപാര്ട്ട്മെന്റല് പരീക്ഷ നടത്താനിരിക്കുന്നത് . കംപാര്ട്ട്മെന്റല് പരീക്ഷാഫലത്തിന്റെ പേരില്‍ ആരുടെയും പ്രവേശന നടപടികള്‍ക്ക് തടസമുണ്ടാകില്ലെന്നു സിബിഎസ്ഇയും യുജിസിയും അറിയിച്ചു .