സോള്‍ : ഉത്തരകൊറിയയുടെ ക്രൂരത കേട്ട് നടുങ്ങി ലോകരാഷ്ട്രങ്ങള്‍. ദക്ഷിണ കൊറിയന്‍ ഉദ്യോഗസ്ഥനെ ഉത്തര കൊറിയന്‍ സൈനികര്‍ വെടിവച്ച്‌ കൊന്ന ശേഷം മൃതദേഹം കത്തിച്ചു. ദക്ഷിണ കൊറിയയുടെ ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥനെ കടലില്‍ അതിര്‍ത്തിയ്ക്ക് സമീപത്ത് വച്ച്‌ പട്രോളിംഗ് ബോട്ടില്‍ നിന്നും കാണാതാവുകയായിരുന്നു.

സമുദ്ര അതിര്‍ത്തി കടന്നുവെന്ന് ആരോപിച്ച്‌ ഉത്തര കൊറിയന്‍ സൈന്യം പിടികൂടിയ ഉദ്യോഗസ്ഥനെ വെടിവച്ച്‌ കൊലപ്പെടുത്തിയ ശേഷം കൊവിഡ് ഭയം കാരണം മൃതദേഹം എണ്ണ ഒഴിച്ച്‌ കത്തിയ്ക്കുകയായിരുന്നുവെന്ന് ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. സംഭവത്തില്‍ ഉത്തര കൊറിയന്‍ അധികൃതരുടെ ഭാഗത്ത് നിന്നും പ്രതികരണം ഉണ്ടായിട്ടില്ല. കൊവിഡ് വ്യാപനം മുന്‍ നിറുത്തി അതിര്‍ത്തി കടക്കുന്നവരെ അപ്പോള്‍ തന്നെ വെടിവച്ചു കൊല്ലാനാണ് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നിന്റെ ഉത്തരവ്.
ഇതിപ്പോള്‍ രണ്ടാം തവണയാണ് ഉത്തര കൊറിയന്‍ സൈന്യം ദക്ഷിണ കൊറിയന്‍ പൗരനെ വെടിവച്ചു കൊല്ലുന്നത്. 2008ല്‍ കുംഗാംഗ് മലനിരകളില്‍ വച്ച്‌ ഒരു ദക്ഷിണ കൊറിയന്‍ വിനോദ സഞ്ചാരിയെ ഉത്തര കൊറിയന്‍ പട്ടാളം വെടിവച്ച്‌ കൊന്നിരുന്നു