കോഴിക്കോട് : പാളയം മാർക്കറ്റിൽ 232 പേർക്ക് കൊറോണ. ഇത്രയും ആളുകൾക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ മാർക്കറ്റ് അടയ്ക്കും. വ്യാപാരികൾക്ക് ഇടയിൽ നടത്തിയ കൊറോണ പരിശോധനയിലാണ് ഇത്രയുമധികം പേർക്ക് കൊറോണ സ്ഥിരീകരിച്ചത്.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാർക്കറ്റിലെ വ്യാപാരികൾ ഉൾപ്പെടെ 760 പേരിലാണ് പരിശോധന നടത്തിയത്. രോഗം സ്ഥിരീകരിച്ചവരിൽ നിരവധി പേർക്ക് രോഗലക്ഷണങ്ങൾ പ്രകടമായിട്ടില്ല. രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ വീടുകളിൽ തന്നെ ചികിത്സിയ്ക്കാനാണ് അധികൃതരുടെ തീരുമാനം.

കഴിഞ്ഞ ആഴ്ച കോഴിക്കോട് സെൻട്രൽ മാർക്കറ്റിലും സമാനരീതിയിൽ പരിശോധന നടത്തിയിരുന്നു. ഇവിടെ 113 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നിരവധി ആളുകൾക്ക് രോഗബാധ കണ്ടെത്തിയതോടെ സെൻട്രൽ മാർക്കറ്റും അടച്ചിട്ടിരിക്കുകയാണ്.

അതേസമയം കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ജില്ലയിൽ പുതുതായി കൊറോണ സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ആണ് ഉള്ളത്. തിങ്കളാഴ്ച 545 പേർക്കും, ചൊവ്വാഴ്ച 394 പേർക്കുമാണ് ജില്ലയിൽ പുതുതായി കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്.