ഓസ്റ്റിൻ ∙ ഗ്രെയ്റ്റർ ഓസ്റ്റിൻ മലയാളി അസോസിയേഷൻ (ഗാമ) വ്യത്യസ്തമായ വിവിധയിനം പരിപാടികളോടെ ഓൺലൈനായി ഇത്തവണ ഓണാഘോഷം സംഘടിപ്പിച്ചു. എല്ലാ കൊല്ലവും നിറപ്പകിട്ടാർന്ന കലാപരിപാടികളും, വിഭവസമൃദ്ധമായ സദ്യയും ഓസ്റ്റിൻ മലയാളികളുടെ കൂട്ടായ്മയായും ആയി നടത്താറുള്ള ഓണാഘോഷം ഓൺലൈൻ ആയി എങ്ങനെ നടത്താം എന്ന വെല്ലുവിളി ആയിരുന്നു ഗാമ പ്രവർത്തർക്ക്. ഉത്രാടം നാളിൽ ഗാമ പ്രവർത്തകർ പായസവിതരണം നടത്തി. ഒന്നാം ഓണത്തിന് ഓൺലൈനായി, വ്യത്യസ്തമായ ഒരു പിടി പ്രോഗ്രാമുകൾ അവതരിപ്പിക്കാൻ പറ്റിയ സന്തോഷത്തിലാണ് ഗാമ. മലയാള ചലച്ചിത്ര താരം അശോകൻ, ബഡായി ബംഗ്ലാവിലെ ആര്യ എന്നിവർ ഓൺലൈൻ ആയി ചേർന്നപ്പോൾ പരിപാടികൾ ഓസ്റ്റിൻ മലയാളികൾക്ക് ഒരു പുതിയ അനുഭവം ആയി.
കർഷകശ്രീ അവാർഡുകൾ, ഷോർട് ഫിലിം വിന്നേഴ്സ് എന്നിവ പരിപാടിക്കിടയിൽ പ്രഖ്യാപിച്ചു. കോവിഡ് കാലത്തേ സുരക്ഷാ ക്രമങ്ങൾ നർമത്തിൽ ചാലിച്ച് മഹാബലി അടക്കം ഉള്ളവരെ ഉൾപ്പെടുത്തി ഒരു ഓൺലൈൻ സ്കിറ്റും ഗാമ ഒരുക്കിയിരുന്നു.കോവിഡ് കാലത്തേ ഗാമ നടത്തിയ ഫണ്ട് സമാഹരണത്തിന്റെ വിവരങ്ങൾ ഗാമ ഇതിനിടയിൽ കൊടുക്കുകയും ചെയ്തു. ഗാമയുടെ ഓണത്തിന് ആശംസകൾ അറിയിച്ചു മലയാളത്തിന്റെ സ്വന്തം താരങ്ങൾ പലരും റെക്കോർഡ് ചെയ്തയച്ച മെസ്സേജുകളും, ഗാമയുടെ പതിനഞ്ചാം കൊല്ലം ആഘോഷിക്കുന്നതിന്റെ ഭാഗം ആയി മുൻകാല പ്രസിഡന്റുമാരുടെ സന്ദേശങ്ങളും പരിപാടികളുടെ ഭാഗമായിരുന്നു.
ഓൺലൈനിൽ ആയെങ്കിലും ഓണം ആഘോഷിക്കാൻ അവസരമുണ്ടായതിന് എല്ലാവർക്കുമുള്ള നന്ദി അറിയിച്ചു. അടുത്ത കൊല്ലം ഇതിലും ഗംഭീരമായി ഓണം ആഘോഷിക്കാൻ പറ്റട്ടെ എന്ന് പ്രത്യാശിച്ചുകൊണ്ട് ഇക്കൊല്ലത്തെ ഓണാഘോഷത്തിന് തിരശീല വീണു.