തിരുവനന്തപുരം: കുഞ്ഞാലിക്കുട്ടിക്കെതിരെ കേസെടുക്കണമെന്ന് സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കുഞ്ഞാലിക്കുട്ടി യുഎഇയെ കള്ളക്കടത്ത് രാജ്യമായി പ്രഖ്യാപിക്കുകയാണ് ചെയ്തതെന്ന് കോടിയേരി ആരോപിച്ചു.

ഖുറാനും ഈന്തപ്പഴവും നേരായ വഴിക്കല്ല യു എ ഇ കേരളത്തിലേക്ക് കൊണ്ടുവന്നതെന്ന് ആവർത്തിച്ച കുഞ്ഞാലിക്കുട്ടി ലക്ഷക്കണക്കിന് മലയാളികളുടെ ജീവീതം കൊണ്ട് പന്താടുകയാണ്. ഏറ്റവും കൂടുതൽ മലയാളികൾ ജോലിചെയ്യുന്ന രാജ്യമാണ് യു എ ഇ. ആ രാജ്യം അവരുടെ കോൺസുലേറ്റിലേക്ക് അയച്ചതാണ് ഖുറാനും ഈന്തപ്പഴവും. ഇത് കേന്ദ്രസർക്കാറിന്റെ കസ്റ്റംസ് ക്ലിയറൻസ് ചെയ്തതുമാണെന്നും കോടിയേരി പറഞ്ഞു.

ഖുറാന്റെ മറവിൽ സ്വർണ്ണം കടത്തിയെന്നും ഈന്തപ്പഴത്തിൽ കുരുവിന് പകരം സ്വർണ്ണമാണെന്നും ധ്വനിപ്പിക്കുന്ന രീതിയിൽ കുഞ്ഞാലിക്കുട്ടി ആരോപണം ഉന്നയിക്കുകയാണ്. കോൺസുലേറ്റിലേക്ക് യു എ ഇ സർക്കാർ അയച്ച ഖുറാനിലും ഈന്തപ്പഴത്തിലും സ്വർണ്ണം കടത്തിയെന്ന് ആരോപിക്കുന്ന കുഞ്ഞാലിക്കുട്ടി, ആ രാജ്യത്തെ കള്ളക്കടത്ത് രാജ്യമായി പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്. പറഞ്ഞ നിലപാടിൽ ഉറച്ചു നിൽക്കുന്നുവെങ്കിൽ ഇത് സംബന്ധിച്ച തെളിവുകൾ അടിയന്തിരമായി എൻ ഐ എക്ക് കൈമാറാൻ കുഞ്ഞാലിക്കുട്ടി തയ്യറാകണം. അല്ലെങ്കിൽ ഇത്രയും നിരുത്തരവാദിത്വപരമായ പ്രസ്താവനയ്ക്ക് കുഞ്ഞാലിക്കുട്ടി മാപ്പ് പറയണം അദ്ദേഹം ആരോപിച്ചു.

രണ്ട് രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധത്തെ തകർക്കുന്ന പ്രസ്താവന നടത്തിയ പാർലിമെന്റ് അംഗം കൂടിയായ കുഞ്ഞാലിക്കുട്ടിക്ക് എതിരെ കേസ് എടുക്കുകയും വേണമെന്നും കോടിയേരി വ്യക്തമാക്കി.

കേരളത്തോടുള്ള പ്രത്യേക താൽപര്യത്തിന്റെ ഭാഗമായാണ് തിരുവനന്തപുരത്ത് യു എ ഇ കോൺസുലേറ്റ് ആരംഭിക്കുന്നത്. നയതന്ത്ര ബാഗേജ് വഴി സ്വർണ്ണം കടത്തിയ കേസിൽ ഏതെങ്കിലും ഉദ്യോഗസ്ഥർ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അന്വേഷിച്ച് വസ്തുതകൾ പുറത്തു കൊണ്ടുവരേണ്ടതാണ്. എന്നാൽ അതൊന്നും ചെയ്യാതെ യു എ ഇ എന്ന രാജ്യത്തെ തന്നെ പ്രതിക്കൂട്ടിൽ നിർത്താനുള്ള ശ്രമം പ്രവാസി മലയാളികളെ കൊലയ്ക്ക് കൊടുക്കുന്നതിന് തുല്യമാണെന്നും കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു.