ജോയിച്ചന്‍ പുതുക്കുളം
ന്യൂയോര്‍ക്ക്: കേരള നിയമസഭയിലേക്ക് തുടര്‍ച്ചയായി പതിനൊന്ന് പ്രാവശ്യം തെരഞ്ഞെടുക്കപ്പെട്ട പ്രിയങ്കരനായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സുവര്‍ണജൂബിലി 2020 സെപ്റ്റംബര്‍ 17-നു കോട്ടയത്ത് വിപുലമായി ആഘോഷിച്ചു. നേതാവിനു ഇന്ത്യന്‍ ഓവര്‍സീസ് കേരളാ ചാപ്റ്റര്‍ യു.എസ് പ്രസിഡന്റ് ലീല മാരേട്ട് പ്രത്യേകം അഭിനന്ദനങ്ങളും ആശംസകളും അര്‍പ്പിച്ചു.
ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയിലെ ആദ്യ തെരഞ്ഞെടുപ്പ് 1970 സെപ്റ്റംബര്‍ 17-നായിരുന്നു. അതിനുശേഷം തുടര്‍ച്ചയായി 1977, 1980, 1982, 1987, 1991, 1996, 2001, 2006, 2011, 2016 എന്നിങ്ങനെ തുടര്‍ച്ചയായ പതിനൊന്നു പ്രാവശ്യത്തെ തിളക്കമാര്‍ന്ന വിജയം നമുക്കേവര്‍ക്കും അഭിമാനിക്കാവുന്നതാണെന്നും ലീല രാരേട്ട് അഭിപ്രായപ്പെട്ടു.
1977-ല്‍ കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തൊഴില്‍ വകുപ്പ് മന്ത്രി, 1981-ല്‍ ആരോഗ്യമന്ത്രി എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 2004-നും, 2011-ലും രണ്ടു പ്രാവശ്യം മുഖ്യമന്ത്രിപദം അലങ്കരിച്ച്  ജനകീയ നേതാവായി. മുഖ്യമന്ത്രിയായിരിക്കെ എല്ലാ സ്ഥലങ്ങളിലും നേരിട്ടെത്തി ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ സമയം കണ്ടെത്തിയ അതുല്യ ജനവസേവകനാണ് ഉമ്മന്‍ചാണ്ടി. രാപകലില്ലാതെ, ഊണും ഉറക്കവും ഉപക്ഷിച്ച് ജനങ്ങളുടെ പരാതികളും പ്രശ്‌നങ്ങളും പരിഹരിക്കുന്ന ജനസമ്പര്‍ക്ക പരിപാടികളിലൂടെ ജനങ്ങളുടെ കണ്ണിലുണ്ണിയായി മാറി.
കേരളത്തിന്റെ സമഗ്ര വികസനത്തിനായുള്ള ദീര്‍ഘകാല പദ്ധതികളും, ദുരിതമനുഭവിക്കുന്നവര്‍ക്ക് സമാശ്വാസം നല്‍കുവാനുള്ള ക്ഷേമപദ്ധതികളും ഉള്‍പ്പെടുന്ന നയപരിപാടികള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആവിഷ്കരിച്ചു. കൊച്ചി മെട്രോ, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം, സ്മാര്‍ട്ട് സിറ്റി, വിഴിഞ്ഞം പദ്ധതി, കോഴിക്കോട്, കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം ബൈപാസ് എന്നീ പ്രൊജക്ടുകള്‍ക്ക് തുടക്കമിട്ടത് ഉമ്മന്‍ചാണ്ടി  സര്‍ക്കാര്‍ ആണെന്നും ലീല മാരേട്ട് ഓര്‍മ്മിപ്പിച്ചു.
കെ.എസ്.യുവിലൂടെ രാഷ്ട്രീയപ്രവേശനം നടത്തിയ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, യു.ഡിഎഫ് കണ്‍വീനര്‍, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ്, കെ.എസ്.യു പ്രസിഡന്റ്, കെ.എസ്.യു ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഐക്യരാഷ്ട്രസഭ ഭരണമികവിന് 2013 ജൂണ്‍ 27-നു ബഹ്‌റിനില്‍ വച്ചു അവര്‍ഡ് നല്‍കി ആദരിച്ചു. എതിരാളികള്‍ക്കുപോലും മാതൃകയാകുന്ന വ്യക്തിത്വത്തിനുടമയായ ഉമ്മന്‍ചാണ്ടി പൊതുജീവിതത്തില്‍ ഒരു വ്യക്തി എങ്ങനെയായിരിക്കണം എന്നതിന് ഉത്തമ ഉദാഹരണമാണ്. നല്ല രാഷ്ട്രീയ പ്രവര്‍ത്തകന്‍, കുടുംബനാഥന്‍, ജനപ്രതിനിധി, മികച്ച ഭരണാധികാരി, നല്ല മനുഷ്യസ്‌നേഹി, നിയമസഭാ സാമാജികത്വത്തിന്റെ സുവര്‍ണജൂബിലി ആഘോഷിക്കുന്ന, ആരാധ്യനായ ഉമ്മന്‍ചാണ്ടി സാറിനു ഐഒസി കേരളാ ചാപ്റ്റര്‍ യു.എസ്.എയ്ക്കുവേണ്ടി ലീല മാരേട്ട് (പ്രസിഡന്റ്), തോമസ് മാത്യു (ചെയര്‍മാന്‍), സജി കരിമ്പന്നൂര്‍ (സെക്രട്ടറി), രാജന്‍ പടവത്തില്‍ (ട്രഷറര്‍), സതീശന്‍ നായര്‍ (സീനിയര്‍ വൈസ് പ്രസിഡന്റ്), ജോര്‍ജ് ഏബ്രഹാം (നാഷണല്‍ വൈസ് ചെയര്‍മാന്‍) എന്നിവര്‍ ഹൃദയം നിറഞ്ഞ ആശംസകളും മംഗളങ്ങളും അര്‍പ്പിച്ചു.