ബെയ്ജിംഗ് : ഇന്ത്യയ്ക്കെതിരെ യുദ്ധഭീഷണി മുഴക്കി ചൈന . ഏതു നിമിഷവും യുദ്ധം നടത്താൻ തങ്ങൾ തയ്യാറായി കഴിഞ്ഞെന്നും ഇന്ത്യൻ സൈനികർക്കെതിരെ ആക്രമണം നടത്താൻ പിഎൽഎ സജ്ജീകരണങ്ങൾ ഒരുക്കുകയാണെന്നും ചൈനയുടെ സർക്കാർ മാദ്ധ്യമമായ ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
പ്രശ്നബാധിത ഹിമാലയൻ അതിർത്തി പ്രദേശത്ത് ചൈന തങ്ങളുടെ ആയിരക്കണക്കിന് പ്രത്യേക സേനയെ വിന്യസിക്കുന്നുണ്ടെന്ന റിപ്പോർട്ടിനു പിന്നാലെയാണ് ചൈനയുടെ പ്രസ്താവന .
ഗ്ലോബൽ ടൈംസിന്റെ എഡിറ്റർ ഇൻ ചീഫ് ഹു സിജിൻ നൽകിയ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യൻ സൈനികരെ ലക്ഷ്യമിട്ട് ചൈനീസ് സൈനികർ കൂടുതൽ യുദ്ധമുറകൾ അഭ്യസിക്കുന്നുണ്ട് . പാരച്യൂട്ട് അഭ്യാസങ്ങൾ കുറച്ചു നാളായി നടക്കുന്നുണ്ട് . ടിബറ്റ് മേഖലയിലെ ടാങ്കുകളെ ആക്രമിക്കാൻ തക്ക വണ്ണം പിഎൽഎയ്ക്ക് പരിശീലനം നൽകുന്നുണ്ട്. ഇത് ചൈന-ഇന്ത്യ അതിർത്തി സാഹചര്യത്തെ ലക്ഷ്യം വയ്ച്ചാണ് – -റിപ്പോർട്ടിൽ പറയുന്നു.
ടിബറ്റ് മേഖലയിൽ നിന്നുള്ള ഒരു പ്രത്യേക ഓപ്പറേഷൻ ബ്രിഗേഡും ആർമി ഏവിയേഷൻ ബ്രിഗേഡും സംയുക്തമായി ആദ്യത്തെ പാരച്യൂട്ട് പരിശീലനം സംഘടിപ്പിച്ചതായും പറയുന്നു. സമുദ്രനിരപ്പിൽ നിന്ന് 4,000 മീറ്ററിലധികം ഉയരത്തിലുള്ള, വ്യക്തമല്ലാത്ത പ്രദേശത്താണ് അഭ്യാസങ്ങൾ നടക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്.
ഷാങ്ഹായ് ആസ്ഥാനമായുള്ള വാർത്താ വെബ്സൈറ്റായ ദി പേപ്പർ അനുസരിച്ച്, എയർ ഡ്രോപ്പ് പരിശീലനത്തിലെ ഹെവി ഉപകരണങ്ങളിൽ 107 എംഎം മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചറുകൾ ഉൾപ്പെടുന്നു. പരമാവധി 8 കിലോമീറ്റർ (5 മൈൽ) ആണ് ഇതിന്റെ ആക്രമണ പരിധി.
ടിബറ്റ് സ്വയംഭരണ പ്രദേശത്താണെന്ന് കരുതപ്പെടുന്ന, പേരിടാത്ത ഒരു എയർഫീൽഡിൽ ഒരു സിയാൻ വൈ -20 എയർലിഫ്റ്ററും , മൂന്ന് സിയാൻ എച്ച് -6 ബോംബറുകളും , കൊണ്ടു വന്നതായും സൂചനയുണ്ട്.



