റാഞ്ചി: കോവിഡിനെത്തുടര്‍ന്നുള്ള സാമൂഹ്യസാഹചര്യങ്ങള്‍ ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുടെ ശക്തി ഊറ്റുന്നു. വിതരണശൃംഖല തകര്‍ന്നതോടെ ഭക്ഷണത്തിനും മരുന്നിനും കടുത്തക്ഷാമമാണ്. ഇതോടൊപ്പം കഴിഞ്ഞമാസം സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിലുണ്ടായ വന്‍ ആള്‍നാശവും സംഘടനയെ കനത്ത പ്രതിസന്ധിയിലാക്കിയെന്ന് മാവോയിസ്റ്റുകളില്‍നിന്നു കണ്ടെത്തിയ രേഖകളില്‍ത്തന്നെ പറയുന്നു.
അവസരം പരമാവധി മുതലെടുത്ത് നക്സല്ബാധിതമമേഖലയായ ബസ്തറില്‍ ആഞ്ഞടിക്കാനുള്ള ഒരുക്കത്തിലാണു സുരക്ഷാസേനയെന്ന് ബസ്തര്‍ ഐജി സുന്ദര്‍രാജ് പറഞ്ഞു. കഴിഞ്ഞദിവസം സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്തുനിന്നു കണ്ടെത്തിയ പ്രചാരണസാമഗ്രികളിലാണു സംഘടന നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് വിവരമുള്ളത്.
കഴിഞ്ഞ മാര്‍ച്ചില്‍ സുക്മയില്‍ നടന്ന ഏറ്റുമുട്ടലില്‍ 23 നക്സലുകള്ക്കാണു ജീവഹാനി നേരിട്ടത്. 17 സുരക്ഷാസേനാംഗങ്ങളും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.



